National
പോക്‌സോ കേസ്; ഹാജരാകാന്‍ യെദിയൂരപ്പക്ക് സിഐഡി നോട്ടീസ്
കേസില്‍ നാലാം തവണയാണ് അന്വേഷണ സംഘം യെദിയൂരപ്പക്ക് നോട്ടീസ് നല്‍കുന്നത്.
ബെംഗളുരു| പോക്‌സോ കേസ് അന്വേഷണത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പക്ക് സിഐഡി നോട്ടീസ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളുരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡനപരാതി പറയാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. കേസില്‍ നാലാം തവണയാണ് അന്വേഷണ സംഘം യെദിയൂരപ്പക്ക് നോട്ടീസ് നല്‍കുന്നത്. നേരത്തെ മൂന്നുതവണ അന്വേഷണ സംഘം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ യെദിയൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കുട്ടിയുടെ സഹോദരന്‍ തിങ്കളാഴ്ചകര്‍ണാടക ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. അന്വേഷണം മന്ദഗതിയിലാണെന്നും കേസിന്റെ തല്‍സ്ഥിതി വിവരം അറിയിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.
അതേസമയം, യെദിയൂരപ്പ സിഐഡി നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ഒരാഴ്ച സമയം നല്‍കണമെന്ന് അഭിഭാഷകര്‍ മുഖേന യെദിയൂരപ്പ സിഐഡിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.