Connect with us

Kerala

പോക്സോ കേസ്; പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി

തിരുവല്ല പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപയും ശിക്ഷിച്ചു. കീഴ്‌വായ്പ്പൂര്‍ പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 75,000 രൂപയുമാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പോക്സോ കേസുകളില്‍ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപയും ശിക്ഷിച്ചു. കീഴ്‌വായ്പ്പൂര്‍ പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 75,000 രൂപയുമാണ് ശിക്ഷിച്ചത്. സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.

തിരുവല്ലയുടെ കേസില്‍ തിരുവല്ല കുറ്റൂര്‍ താഴെ പള്ളേത്ത് വീട്ടില്‍ വര്‍ഗീസ് (64), കീഴ്‌വായ്പ്പൂര്‍ കേസില്‍ ആനിക്കാട് വായ്പ്പൂര്‍ കുന്നംഭാഗം വടശ്ശേരില്‍ വീട്ടില്‍ സോളമന്‍ എന്ന് വിളിക്കുന്ന വി പി പ്രശാന്ത് (38) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. തന്റെ ഓട്ടോയില്‍ സ്‌കൂളിലേക്കും തിരികെയും പെണ്‍കുട്ടിയെ കൊണ്ടുപോയിരുന്ന വര്‍ഗീസ്, ഓട്ടോയില്‍ വച്ചും പ്രതിയുടെ വീട്ടില്‍ വച്ചും ലൈംഗിക അതിക്രമം കാട്ടി എന്നതായിരുന്നു കേസ്. തിരുവല്ല എസ് ഐ ആയിരുന്ന അനീഷ് എബ്രഹാമാണ് കേസ് അന്വേഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം.

കീഴ് വായ്പ്പൂര്‍ കേസില്‍ പ്രതിയെ തട്ടിക്കൊണ്ടുപോകലിന് 3 വര്‍ഷവും 25000 രൂപയും, പോക്സോ നിയമത്തിലെ 8,7 വകുപ്പുകള്‍ അനുസരിച്ച് മൂന്ന് വര്‍ഷവും 50,000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം. ആറ്റു തീരത്തുനിന്നും കൂണ്‍ പറിക്കാനാണെന്ന് വ്യാജേന പ്രതി കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. അന്നത്തെ എസ് ഐ ബി എസ് ആദര്‍ശ് ആണ് കേസ് അന്വേഷിച്ചത്.

രണ്ടു കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.

Latest