National
പോക്‌സോ കേസ്: ആവശ്യമെങ്കില്‍ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര
അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
ബെംഗളുരു|പോക്‌സോ കേസില്‍ അന്വേഷണം നേരിടുന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് (സിഐഡി) ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് യെദിയൂരപ്പക്ക് സിഐഡി ബുധനാഴ്ച നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി മന്ത്രി ജി പരമേശ്വരയുടെ പ്രതികരണം.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളുരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡനപരാതി പറയാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യെദിയൂരപ്പയ്‌ക്കെതിരെയുള്ള പരാതി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. കേസില്‍ നാലാം തവണയാണ് അന്വേഷണ സംഘം യെദിയൂരപ്പക്ക് നോട്ടീസ് നല്‍കുന്നത്. നേരത്തെ മൂന്നുതവണ അന്വേഷണ സംഘം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ യെദിയൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കുട്ടിയുടെ സഹോദരന്‍ തിങ്കളാഴ്ചകര്‍ണാടക ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. അന്വേഷണം മന്ദഗതിയിലാണെന്നും കേസിന്റെ തല്‍സ്ഥിതി വിവരം അറിയിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.
അതേസമയം അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിലവില്‍ ഡല്‍ഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാകൂ എന്നും യെദിയൂരപ്പ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയിട്ടുണ്ട്.