book review
ഹരിതസ്ഥലികൾ തേടുന്ന കവിതകൾ
തന്റെ സ്വത്വത്തിന്റെ ആധാരമായി നിലനിർത്താൻ സദാ തുടിച്ചുയരുന്ന സർഗ മേഖലകളിൽ കാലൂന്നിയാണീ എഴുത്തുകാരൻ മുന്നേറുന്നത്. അതിന്റെ ബഹുസ്വരമായ സാധ്യതകളെ അടയാളപ്പെടുത്താൻ ഭാവസാന്ദ്രമായ ഒരു കാടായി മാറാൻ വായനയിൽ പൂക്കുന്ന ഈ സമാഹാരത്തിലെ ഓരോ കവിതക്കും അനായാസം സാധ്യമാകുന്നു.

കാടിനേയും കടലിനേയും തന്റെ അജയ്യമായ ഇച്ഛാശക്തി കൊണ്ടും സാഹിത്യാഭിരുചി കൊണ്ടും നേരിട്ട വിശ്വപ്രസിദ്ധ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിംഗ്‌വെ ഒരിക്കലെഴുതി ” കാടും കടലും നമ്മളിലുണ്ടാക്കുന്ന സർഗസമ്പന്നത അനുപമമാണ്. ധീരനായ ഒരാൾക്കേ അതേറ്റു വാങ്ങാനാകൂ. കാരണം, അനുപദം മരണമുണ്ടാകും കൂടെ.’ കിഴവനും കടലും പോലൊരുകൃതി ഹെമിംഗ് വേയ്ക്ക് മാത്രം എഴുതാനായതും ഈ കരളുറപ്പ് ഒന്ന് കൊണ്ട് മാത്രമാണ്.
അബ്ദുള്ള പേരാമ്പ്രയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ “ദൈവം വന്ന ദിവസം’ വായനക്കാരനെ ആസ്വാദനത്തിന്റെ ഹരിത സാനുക്കളിലേക്കാനയിക്കുന്നു. ഹെമിംഗ് വേ ആവിഷ്കരിച്ച വന്യമുഖഭാവം പക്ഷേ അബ്ദുള്ള കണ്ട കാടിനോ കടലിനോ തെല്ലുമില്ല. കുട്ടിക്കാലത്ത് അച്ഛന്റെ വിരലിൽ തൂങ്ങിനടന്ന സ്വച്ഛ യാത്രകളെ ഈ കവിതകൾ ഓർമിപ്പിക്കുന്നു. ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളിലേയും രൂപകങ്ങളും ബിംബങ്ങളും അത്ര മാത്രം സാധാരണവും അതേ സമയം തന്നെ ഗൃഹാതുരവുമാകുന്നു. “കാട് കാണാൻ പോയപ്പോൾ’ എന്ന കവിതയിൽ നമ്മളും കവിയോടൊപ്പം ഒരു വനയാത്ര നടത്തുന്നു.കാണും കാഴ്ചകളാകട്ടെ ഏറെ കാവ്യാത്മകം തന്നെ, “പുലിനഖമേറ്റ് പൊള്ളിയ മരവേരുകളെ ഉമ്മ വെച്ച് പായുന്ന
ഉറുമ്പുകളെ നാം നോക്കി നിൽക്കും.
അപ്പുറത്ത് ” ഒഴുകി വരുന്ന അരുവി തിടം വെച്ച്
പച്ചയെ പുണർന്ന്
ഒരു തടാകമായിരിക്കുന്നു. ” അതിന്റെ കരയിൽ
ജാഗ്രതയോടെ ഇരിക്കുന്ന
…. നീലാകാശത്തുണ്ട് പോലെ മീൻകൊത്തികൾ’ ഇനിയും നാം നടക്കവെ ‘ മുളം കാട്ടിൽ
പുല്ലാംകുഴലൂതുന്നു തണുപ്പ് ‘
കേട്ടുമറന്നുപോയ ഏതോ കഥയിലെ നഷ്ടവഴികളുടെ സമ്യക്കായ തണുപ്പും ആർദ്രതയും പെയ്ത് നിൽക്കുന്ന വഴികളിലാണ് നാമിപ്പോഴെന്ന് കവിത നമ്മെ അതിന്റെ തനിമ കൊണ്ട് കബളിപ്പിക്കുന്നു.ആശാൻ ജീവിതത്തിന്റെ, എഴുത്തിന്റെ, അതിന്റെ ഉപാധിയായ ഭാഷയുടെ പരാധീനതകളെ മുന്നേ പറഞ്ഞ് വെച്ചിട്ടുണ്ട്.
” കരുതുവതിഹ ചെയ്യവയ്യ
ചെയ്യാൻ വരുതി ലഭിച്ചതിൽ
നിന്നിടാ വിചാരം….. ‘ എന്നും
“ഇന്ന് ഭാഷയിതപൂർണ മിങ്ങഹോ
വന്നുപോം പിഴയുമർത്ഥ ശങ്കയാൽ’
എന്നും മഹാകവി മനുഷ്യന്റെ നിസ്സഹായതകളെ വെളിവാക്കുന്നുണ്ട്. ആ കാവ്യ പാരമ്പര്യത്തെ പിൻപറ്റുമ്പോഴും അബ്ദുള്ളയിലെ കവിത്വം പദസമ്പന്നവും അനാശങ്കാകുലവുമാണ്. കാട് ഈ കവിയെ സംബന്ധിച്ച് തന്റെ കാവ്യഭാവുകത്വത്തെ പ്രചോദിപ്പിക്കുന്ന ജൈവ സാമീപ്യവും ജീവവായുവുമാണ്. കാട് എന്ന പദം ശീർഷകത്തിന്റെ ഭാഗമാവുന്ന നാല് കവിതകളുണ്ടീ സമാഹാരത്തിൽ. മനുഷ്യനെ സംബന്ധിച്ചതൊന്നും സ്ഥായിയല്ല. ഒരു പക്ഷെ ഈ നിസ്സഹായതയിലാവാം അവൻ ദൈവത്തെ പ്രതിഷ്ഠിക്കുന്നതും പ്രതീക്ഷിക്കുന്നതും
രണ്ട്. വൈരുദ്ധ്യം ജീവിതത്തിന്റെ സഹജ പ്രതിഭാസമാകാറുണ്ട് പലപ്പോഴും. ഒരു നിയോഗം പോലെ ഇത് ജീവിതത്തെ പിന്തുടരുന്നതായും കാണാം. നിരീക്ഷണ കുതുകികൾ ഇതെളുപ്പം കണ്ടെത്തി അനുഭവിക്കുന്നു. “കടൽ ഒരു വനം’ എന്ന കവിതയിൽ ഈ വൈരുദ്ധ്യം പക്ഷെ പുതിയ സൗന്ദര്യാവബോധമാവുന്നു.
“കാട് കാണാൻ പോയി
കാടായിത്തന്നെ തിരിച്ചു വന്നു.
ഉടലിൽ നിന്നുതിർന്നു
പല തരം മണങ്ങൾ …..’
ഇങ്ങനെ താൻ തള്ളിപ്പറഞ്ഞ പ്രാപഞ്ചിക പ്രസരിപ്പുകൾ തിരികെ നേടി അതായിത്തീരുന്ന കവിത്വമാണീ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും. അബ്ദുള്ളയുടെ കവിത്വം സദാ ജാഗരൂകവും നിർമമവുമാണ്. എഴുത്തിനെ തന്റെ സ്വത്വത്തിന്റെ ആധാരമായി നിലനിർത്താൻ സദാ തുടിച്ചുയരുന്ന സർഗ മേഖലകളിൽ കാലൂന്നിയാണീ എഴുത്തുകാരൻ മുന്നേറുന്നത്. അതിന്റെ ബഹുസ്വരമായ സാധ്യതകളെ അടയാളപ്പെടുത്താൻ ഭാവസാന്ദ്രമായ ഒരു കാടായി മാറാൻ വായനയിൽ പൂക്കുന്ന ഈ സമാഹാരത്തിലെ ഓരോ കവിതക്കും അനായാസം സാധ്യമാകുന്നു. ഡി സി ബുക്സാണ് പ്രസാധകർ. വില 130 രൂപ.