literature
വിശ്വമാനവികതയുടെ കവിതകൾ
സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കായി കവിതയെ ആയുധമണിയിക്കുകയായിരുന്നു ആശാൻ. അദ്ദേഹത്തിന്റെ നൂറ്റിയൻപതാം ജന്മവാർഷികം ആഘോഷിക്കുന്ന അവസരമാണിത്. ആശാൻ കവിതകളിൽ മുൻനിരയിൽ നിൽക്കുന്ന കരുണയും ശതാബ്ദി നിറവിലാണ്.
മലയാള കവിതയിൽ കാൽപ്പനികതയുടെ വസന്തം വിരിയിച്ച കവിയാണ് കുമാരനാശാൻ. വിശ്വസ്നേഹത്തിന്റെ പ്രചാരകനായി അറിയപ്പെടുമ്പോഴും അതിനുമപ്പുറം സാമൂഹിക യാഥാർഥ്യങ്ങളുടെ തീക്ഷ്ണ ചിത്രങ്ങളെക്കൂടി അദ്ദേഹം അക്ഷരങ്ങളിൽ പകർത്തിവെച്ചു. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കായി കവിതയെ ആയുധമണിയിക്കുകയായിരുന്നു ആശാൻ. അദ്ദേഹത്തിന്റെ നൂറ്റിയൻപതാം ജന്മവാർഷികം ആഘോഷിക്കുന്ന അവസരമാണിത്. ആശാൻ കവിതകളിൽ മുൻനിരയിൽ നിൽക്കുന്ന കരുണയും ശതാബ്ദിനിറവിലാണ്.
1873 ഏപ്രിൽ പന്ത്രണ്ടിന് തിരുവനന്തപുരം ജില്ലയിലെ കായിക്കര ഗ്രാമത്തിൽ തൊമ്മൻ വിളാകത്ത് വീട്ടിലാണ് കുമാരനാശാൻ എന്ന കുമാരു ജനിച്ചത്. പിതാവ് സമുദായ പ്രമാണിയും അക്കാലത്തെ അറിയപ്പെടുന്ന കവിയുമായ നാരായണൻ പെരുങ്ങാടിക്ക് മലയാളത്തിലും തമിഴിലും നിറഞ്ഞ പാണ്ഡിത്യമുണ്ടായിരുന്നു. പുരാണേതിഹാസങ്ങളിൽ നല്ല അവഗാഹമുണ്ടായിരുന്നു മാതാവ് കാളിയമ്മക്ക്. മാതാപിതാക്കളുടെ പാണ്ഡിത്യവും സഹൃദയത്വവും ചെറുപ്പത്തിൽ തന്നെ കുമാരുവിനെ സ്വാധീനിച്ചു. ശ്രീനാരായണ ഗുരുവുമായുള്ള സമ്പർക്കമാണ് ആശാന്റെ പിൽക്കാല ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിച്ചത്. അരുവിപ്പുറത്ത് ഗുരുവിനോടൊപ്പം താമസിക്കുമ്പോൾ വേദാന്തവും യോഗവിദ്യയും പഠിച്ചു. അതോടൊപ്പം തമിഴിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. തുടർന്ന് ഗുരുവിന്റെ നിർദേശപ്രകാരം ഉപരിപഠനത്തിനായി മദ്രാസിലും ബാംഗ്ലൂരിലും കൽക്കത്തയിലും കുറച്ചു വർഷങ്ങൾ ചെലവഴിച്ചു. ശ്രീനാരായണ ധർമപരിപാലന യോഗം രൂപവത്കരിച്ചപ്പോൾ അതിന്റെ ചുമതലക്കാരനായി ഗുരു നിയമിച്ചത് ആശാനെയായിരുന്നു. പതിനാറ് വർഷത്തോളം അദ്ദേഹം സ്തുത്യർഹമായ രീതിയിൽ യോഗത്തെ നയിച്ചു. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം മാസിക തുടങ്ങിയപ്പോൾ അതിന്റെ ചുമതലയും ആ കൈകളിൽ ഭദ്രമായിരുന്നു. 1818ൽ വിവാഹിതനായ ആശാൻ പിന്നീട് സകുടുംബം തോന്നയ്ക്കൽ ഗ്രാമത്തിലേക്ക് താമസം മാറ്റി. ഇതിനിടെ ശ്രീമൂലം പ്രജാസഭയിൽ ഈഴവരുടെ പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം ആശാനെ മലയാളത്തിന്റെ മഹാകവി എന്ന നിലയിൽ പട്ടും വളയും നൽകി ആദരിക്കുകയുണ്ടായി. ഈ കാലത്തിനുള്ളിൽ നൂറുകണക്കിന് കവിതകളും കീർത്തനങ്ങളും ലേഖനങ്ങളുമാണ് മഹാകവി മലയാളത്തിനു സമ്മാനിച്ചത്. വീണപൂവ് (1907), നളിനി (1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയിൽ (1918), പ്രരോദനം (1919), ചിന്താവിഷ്ടയായ സീത (1919), ദുരവസ്ഥ (1922), ചണ്ഡാലഭിക്ഷുകി (1922), കരുണ (1923) എന്നിവയാണ് ഏറെ പ്രകീർത്തിക്കപ്പെട്ട കവിതകൾ. ഇവയ്ക്കു പുറമെ വിവിധങ്ങളായ സാമൂഹിക വിഷയങ്ങളെ അധികരിച്ച് അദ്ദേഹം എഴുതിയ അസംഖ്യം ലേഖനങ്ങളും മുഖപ്രസംഗങ്ങളും അക്കാലത്തെ കേരളത്തിന്റെ സാമൂഹികമേഖലയെ ഇളക്കിമറിച്ച അക്ഷരക്കൊടുങ്കാറ്റുകൾ തന്നെയായിരുന്നു. നല്ലൊരു വിവർത്തകൻ കൂടിയായിരുന്നു ആശാൻ. പ്രശസ്തമായ നാടകങ്ങൾ ഉൾപ്പെടെ സംസ്കൃതത്തിൽനിന്നും മറ്റും നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1924 ജനുവരി 16 ന് അന്പത്തിയൊന്നാമത്തെ വയസ്സിൽ, പല്ലനയാറ്റിലുണ്ടായ “റീഡീമീർ’ ബോട്ടപകടത്തെത്തുടർന്ന് ആകസ്മികമായി മരണത്തിനു കീഴടങ്ങുന്നതുവരെ അങ്ങേയറ്റം കർമനിരതവും സംഭവബഹുലവുമായിരുന്നു ആ ജീവിതം.
കുമാരനാശാന്റെ കവിതകളുടെ ഏറ്റവും വലിയ സവിശേഷത അവ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക ബോധമാണ്. വൈയക്തികമായ വിഷയങ്ങളെപ്പോലും സാമൂഹികതയുടെ കണ്ണാടിയിലൂടെ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മാനവികതക്കും സാമൂഹിക നീതിക്കും വേണ്ടി എഴുത്തിനെ ആദ്യന്തം ഉപയോഗപ്പെടുത്തിയ കവി. അക്കാലത്ത് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ ഏറ്റവും ദുസ്സഹമായ രീതിയിൽ ആക്രമിച്ചിരുന്ന ജാതിവ്യവസ്ഥയെ കഠിനമായി എതിർത്തുകൊണ്ട് വിവേകോദയം, മിതവാദി തുടങ്ങിയ പ്രമുഖ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതിയിരുന്നു. “ജാതി രക്തത്തിലുണ്ടോ, അസ്ഥിയിലുണ്ടോ, മജ്ജയിലുണ്ടോ’ (ചണ്ഡാലഭിക്ഷുകി) എന്ന കവിയുടെ ക്ഷോഭം മലയാളകവിതയിൽ അക്കാലത്ത് സൃഷ്ടിച്ച പ്രകമ്പനം കേരളം മുഴുവൻ അലയടിച്ചിരുന്നു. ഗുരുവിന്റെയും വിവേകാനന്ദന്റെയും വിശ്വമാനവികതയിലധിഷ്ഠിതമായ ജീവിതദർശനങ്ങളെ സാധാരണക്കാർക്കു പോലും എളുപ്പം മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം കവിതകളിൽ പുനരാവിഷ്കരിച്ചു. ദുരവസ്ഥ എന്ന കവിതയിൽ അഭയാർഥിയായ സാവിത്രി അന്തർജനം ചാത്തൻ എന്ന പുലയ യുവാവിനെ ഭർത്താവായി സ്വീകരിക്കുന്നത് ചിത്രീകരിച്ചുകൊണ്ട് ജാതിവ്യവസ്ഥിതിക്കെതിരെ ശക്തമായൊരു അക്ഷരക്കൊടുങ്കാറ്റ് അഴിച്ചുവിടുകയായിരുന്നു ആശാൻ. കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ അത് സൃഷ്ടിച്ച പ്രകമ്പനങ്ങൾ വളരെ വലുതായിരുന്നു.
കുമാരനാശാന്റെ കവിതകളുടെ മറ്റൊരു സവിശേഷത അവയിൽ തെളിഞ്ഞു കാണുന്ന തത്വചിന്തയാണ്. ആ തത്വചിന്ത പക്ഷേ ഗഹനമോ സങ്കീർണമോ അല്ല എന്നതാണ് സവിശേഷമായ കാര്യം. പ്രായോഗിക ജീവിതത്തിന്റെ അടരുകളിലേക്കാണ് അത് ഇറങ്ങിച്ചെല്ലുന്നത്. സമൂഹത്തിൽ പാർശ്വവത്കൃതരായവരുടെ ദൈനംദിന ജീവിത സമസ്യകളേയും സംത്രാസങ്ങളെയും നിർദ്ധാരണം ചെയ്യുന്നതാണത്. ഉപാധികളൊന്നുമില്ലാത്ത ശുദ്ധ മാനവികതയിലൂന്നിയ സങ്കൽപ്പങ്ങളിലാണ് അത് പണിതുയർത്തിയിരിക്കുന്നത്. അതുപോലെത്തന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധവും. മനുഷ്യന്റെ ആത്യന്തികമായ സ്വാതന്ത്ര്യത്തെ ലക്ഷ്യംവെക്കുന്ന അത് സാമൂഹികമായ എല്ലാ വിലക്കുകളിൽനിന്നും വിലങ്ങുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. കേരളത്തിലെ ജാതിസമ്പ്രദായമായിരുന്നു ആശാന്റെ സ്വാതന്ത്ര്യബോധത്തെ കൂടുതൽ തീക്ഷ്ണവേഗമുള്ളതാക്കിയത്. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥ അവർണർക്കുമേൽ കെട്ടിവെച്ച പാരതന്ത്ര്യത്തിന്റെ നുകത്തിൽനിന്നും അവരെ രക്ഷിക്കാനുള്ള വെമ്പലാണ് അദ്ദേഹത്തിന്റെ കവിതകളിലെല്ലാം സ്ഫുരിക്കുന്നത്. “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം; പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം’ – ഒരു ഉദ്ബോധനം എന്ന കവിതയിലെ ഈ വരികൾ കുമാരനാശാൻ എന്ന കവിയുടെ സ്വാതന്ത്ര്യബോധത്തെകൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ജാതിവ്യവസ്ഥയെ മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെ തടഞ്ഞുനിർത്തുന്ന മതിലുകളായാണ് ആശാൻ കണ്ടത്. ആ മതിൽ തകർക്കുകയാണ് സ്വാതന്ത്ര്യത്തിലേക്കെത്താനുള്ള ഏക മാർഗം.
മലയാള കവിതക്ക് കാൽപ്പനികതയുടെ വർണച്ചിറകുകൾ നൽകിയ കുമാരനാശാൻ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്നൊരു അധ്യായത്തിന്റെ സ്രഷ്ടാവ് കൂടിയാണ്. കാൽപ്പനികതയുടെ മുഗ്ധ ഭാവനകൾക്കൊപ്പം സാമൂഹിക വിപ്ലവത്തിന്റെ തീക്ഷ്‌ണ ജ്വാലകളും അദ്ദേഹം കവിതകൾക്ക് മുതൽകൂട്ടി. സാമൂഹിക ബോധം സദാ മുറുകെപ്പിടിച്ച ആശാൻ സമൂഹത്തിലെ എല്ലാ മനുഷ്യരും മറ്റെല്ലാ വിഭാഗീയതകൾക്കുമപ്പുറം മഹത്തായ സൃഷ്ടികളാണെന്നും അതിന് തടസ്സമായി നിൽക്കുന്ന എല്ലാ പിന്തിരിപ്പൻ ശക്തികളേയും എതിർക്കേണ്ടതാണെന്നും പ്രഖ്യാപിച്ചു. ആശാന്റെ കവിതകളിലെല്ലാം ഈ പ്രഖ്യാപനത്തിന്റെ മാറ്റൊലികൾ മുഴങ്ങുന്നതു കേൾക്കാം.