Kerala
വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്ന വരികളുമായി കവി കെ സച്ചിദാനന്ദന്‍
പ്രതികരണം മുഖ്യമന്ത്രിയുടെ വെള്ളാപ്പള്ളി പ്രശംസക്കു പിന്നാലെ

കോഴിക്കോട് | വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന കവിതയുമായി കവി കെ സച്ചിദാനന്ദന്‍. വെള്ളാപ്പള്ളിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതിനു പിന്നാലെയാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കൂടിയായ സച്ചിദാനന്ദന്റെ കവിത.
“ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങിനെ ചൊല്ലും?”- എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സച്ചിദാനന്ദന്റെ വരികള്‍. ഒരു വിഭാഗം ആശമാര്‍ തിരുവനന്തപുരത്ത് നടത്തുന്ന സമരത്തെ പിന്തുണച്ചും സര്‍ക്കാറിനെതിരെ കവി ശക്തമായി രംഗത്തുവന്നിരുന്നു.
എസ് എന്‍ ഡി പിയുടെ പരിപാടിയില്‍ മലപ്പുറത്ത് വെള്ളാപ്പള്ളി നടത്തിയ പ്രസംഗം വിവാദമായിരുന്നു. എന്നാല്‍ മുസ്്‌ലിം ലീഗിനെതിരെയാണ് താന്‍ പ്രസംഗിച്ചതെന്ന വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്ത് വരികയും ചെയ്തു. ഇതിനു പിന്നാലെ വെള്ളാപ്പള്ളിയെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വെള്ളാപ്പള്ളി അസാധാരണ കര്‍മശേഷിയും നേതൃപാടവവും കാണിച്ച വ്യക്തിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ എസ് എന്‍ ഡി പിയുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂര്‍ത്തിയാക്കി. നഅപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇങ്ങനെ അവസരം ലഭിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമര്‍ശിക്കുന്ന വിഭാഗം കെ സച്ചിദാനന്ദന്റെ നിലപാടുകള്‍ക്കു പിന്‍തുണയുമായി രംഗത്തുവന്നു.