Articles
അദാനി വീഴ്ചയിലെ കാവ്യനീതി
അദാനിയുടെ അടിതെറ്റലും ബി ബി സിയുടെ പുത്തന്‍ വെളിപ്പെടുത്തലുമെല്ലാം ചിലപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യ സംരക്ഷണത്തിന്റെ ഒരു കാവ്യനീതി പുലരാനുള്ള നിമിത്തങ്ങളായി ഭവിക്കാനും സാധ്യതകള്‍ ഏറെയാണ്. ഇന്ത്യയിലെ ബി ജെ പി ഇതര ജനാധിപത്യ പാര്‍ട്ടികള്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ കോര്‍പറേറ്റ് ഫാസിസത്തിന്റെ മൂന്നാമൂഴത്തിലേക്കുള്ള മുന്നേറ്റം തടയാന്‍ കഴിയുമെന്ന ഒരവസ്ഥ സംജാതമായിട്ടുണ്ട്.
തകര്‍ച്ച എന്നത് അത് വന്നുഭവിക്കുന്നവര്‍ക്ക് താങ്ങാനാകാത്തതും അത്യന്തം നിരാശാജനകവുമായിരിക്കും. അതേസമയം, ഏത് തകര്‍ച്ചയിലും അത് നോക്കിക്കാണുന്നവരില്‍ ആഹ്ലാദവും സന്തോഷവും ഇരട്ടിപ്പിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടാകും. ഇന്ത്യയിലിപ്പോള്‍ ചര്‍ച്ചാ വിഷയമായ അദാനിയുടെ മൂക്കുകുത്തലില്‍ മേല്‍ സൂചിപ്പിച്ച രണ്ട് തരം വികാരങ്ങളെയും ദര്‍ശിക്കാവുന്നതേയുള്ളൂ.
അദാനിയെപ്പോലുള്ള ഒരു ഇന്ത്യന്‍ കോര്‍പറേറ്റ് തകരുകയെന്നാല്‍, അവരെ ഉയര്‍ത്തിക്കൊണ്ടുവന്ന ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടവും അതിന്റെ തലപ്പത്ത് നില്‍ക്കുന്നവരും തകര്‍ച്ചയിലേക്കുള്ള വഴിയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം അദാനിയെന്ന ഒരു കുത്തക കമ്പനിയെ സൃഷ്ടിച്ചെടുക്കുന്നത് തന്നെ മറ്റു ചില കുത്തകകളുടെ തലക്കുമീതെ ഭരണത്തലവന്റെ വഴിവിട്ട സഹായത്തോടെയാണല്ലോ? ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാധിപത്യ മാഹാത്മ്യം നിലനിറുത്തുന്നതിലേറെ ഇന്ത്യയുടെ സര്‍വ വിഭവങ്ങളും ഭരണാധിപന്റെ ഇംഗിതങ്ങളുടെ സൂക്ഷിപ്പുകാരനായ അദാനിയിലേക്ക് മറിച്ചു നല്‍കുകയായിരുന്നുവല്ലോ ഇന്ത്യന്‍ ഭരണകൂടം? ആ നിലക്ക് അദാനി വീഴ്ചയിലെ ദുഃഖിതര്‍ ആരെന്ന് വ്യക്തമാകും.
വ്യക്തമായ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് അത്തരമൊരു കോര്‍പറേറ്റിനെ ഭരണകൂടം പാലൂട്ടിവളര്‍ത്തിയത്. അതായത് പ്രജകളെ എല്ലാ നിലക്കും വലച്ചും അവരില്‍ മതവൈകാരികത കുത്തിനിറച്ചും ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ടവരില്‍ അപര വിദ്വേഷം ജനിപ്പിച്ചും ഭരണകൂടം നടപ്പാക്കാനുദ്ദേശിക്കുന്ന തന്ത്രങ്ങളുടെ ഫണ്ട് കലക്്ഷന്‍ ഏജന്റായിട്ടാണ് അദാനിയെ ഭരണകൂടം ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിനര്‍ഥം അദാനി എന്ന ഗുജറാത്തി ബിസിനസ്സുകാരനെ മറയാക്കി നരേന്ദ്രമോദിയെന്ന മറ്റൊരു ഗുജറാത്തി രാഷ്ട്രീയക്കാരനെ ഇന്ത്യയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുക എന്നാണല്ലോ. ആ തന്ത്രത്തില്‍ വളര്‍ന്നു പന്തലിച്ച ബിസിനസ്സും രാഷ്ട്രീയവുമൊക്കെയാണിപ്പോള്‍ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ മോദി – അദാനി ഭായ് ഭായ് ആയതിനു ശേഷം തുറമുഖങ്ങളുടെ ഉടമസ്ഥാവകാശങ്ങള്‍ മാത്രമല്ല കൊവിഡ് കാലത്തിന്റെ മറവില്‍ ഇന്ത്യന്‍ കല്‍ക്കരിയുടെ മൊത്തക്കുത്തകയും അദാനിക്ക് ചുളുവില്‍ മോദി മറിച്ചു കൊടുത്തു. മോദി ഭരണം സമം അദാനി എന്നായി മാറിക്കഴിഞ്ഞ ശേഷം ഒരുനാള്‍ പെട്ടെന്ന് അതില്‍ ഒരാള്‍ വീഴ്ചകളിലേക്ക് പതിച്ചു തുടങ്ങിയപ്പോള്‍ പിന്‍ബലക്കാരനായ കരുത്തനും സ്വാഭാവികമായ രാഷ്ട്രീയ തകര്‍ച്ചയുടെ സൂചനകള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഭരണത്തിന്റെ ചാട്ടവാര്‍ പ്രഹരങ്ങള്‍ ധാരാളം ഏറ്റ ഇന്ത്യന്‍ പൊതുജനത്തിന് ഈ തകര്‍ച്ച ആഘോഷമാകും. അല്ലെങ്കില്‍ അങ്ങനെയാകണം.
അതിനിടെ, കോര്‍പറേറ്റ് സഹായത്തോടെ നടക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് കിട്ടിയ മറ്റൊരു പ്രഹരമായി ബി ബി സി വെളിപ്പെടുത്തലും വന്നു. ആ പ്രഹരത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്. പക്ഷേ, അതിശക്തമായ തോതില്‍ ബി ബി സിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ മോദിക്കും സംഘ്പരിവാരത്തിനും ആകില്ല. കാരണം ലോകത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുമ്പില്‍ മോദിയേക്കാളും അമിത് ഷായേക്കാളും സ്വീകാര്യത ബി ബി സിക്ക് തന്നെയാകുമെന്ന് അവര്‍ക്കും അറിയാം. എന്തായാലും ഇന്ത്യയിലെ സംഘ്പരിവാര്‍ അനുകൂലമായ കുത്തക പ്രചാരണ മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ട് ഭരണകൂടം ഇപ്പോള്‍ സ്വയം പ്രതിരോധിക്കുകയാണ്.
ആപത്തുകള്‍ വരുമ്പോള്‍ കൂട്ടത്തോടെ എന്ന ചൊല്ലിനെ സാധൂകരിക്കുന്ന തരത്തിലേക്കാണ് അദാനി പതനവും ബി ബി സി വെളിപ്പെടുത്തലുമെല്ലാം നീങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ഇന്ത്യന്‍ ഭരണകൂടം നേരിടുന്ന ഈ പ്രതിസന്ധിയെ അവര്‍ മുറിച്ചുകടക്കാന്‍ ഉപയോഗിക്കുക ഭരണകൂടത്തിന്റെ കുഴലൂത്തുകാരായ വന്‍കിട മീഡിയകളെത്തന്നെയാകും.
എന്നാല്‍ ഇന്ത്യയിലെ ബി ജെ പി ഇതര ജനാധിപത്യ പാര്‍ട്ടികള്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ കോര്‍പറേറ്റ് ഫാസിസത്തിന്റെ മൂന്നാമൂഴത്തിലേക്കുള്ള മുന്നേറ്റം തടയാന്‍ കഴിയുമെന്ന ഒരവസ്ഥ സംജാതമായിട്ടുണ്ട്. അതിനു വേണ്ടത് ഭരണകൂട അനുകൂല മീഡിയകള്‍ പുറത്തുവിടുന്ന കള്ളപ്രചാരണങ്ങളെ തുറന്നു കാണിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കലാണ്. ഇന്ത്യന്‍ ഗ്രാമങ്ങളെ ഇളക്കി മറിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ ജനാധിപത്യ മതേതര കക്ഷികള്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ (കൊടിക്കീഴിലല്ലെങ്കില്‍ പോലും) നില്‍ക്കുക എന്നത് പരമ പ്രധാനവുമാണ്.
സംയുക്ത ജോഡോ യാത്രകളും ത്രിപുര മോഡല്‍ സഖ്യങ്ങളും ഒരു പരിധിവരെ ഇപ്പോള്‍ത്തന്നെ മാതൃകയായി സ്വീകരിക്കാവുന്നതാണ്. അപ്പോഴും സദാ ജാഗരൂകരായ വലിയൊരു ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണി അതിന്റെ മൂന്നാം കണ്ണ് അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ തുറന്ന് വെക്കേണ്ടതുണ്ട്. കാരണം കോര്‍പറേറ്റുകള്‍ക്കും ഫാസിസ്റ്റുകള്‍ക്കും മുമ്പില്‍ മുട്ടിലിഴയുന്നത് മീഡിയകള്‍ മാത്രമാകില്ല. ചിലപ്പോള്‍ ജുഡീഷ്യറിയില്‍ നിന്നും ബ്യൂറോക്രസിയില്‍ നിന്നുമൊക്കെ ഭരണകൂട അനുകൂല നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും അത്ഭുതപ്പെടാനുണ്ടാകില്ല. അതുകൊണ്ടാണ് അങ്ങേയറ്റത്തെ ജാഗ്രത തുടരേണ്ടതുണ്ടെന്ന് പറയേണ്ടിവരുന്നത്. അദാനിയുടെ അടിതെറ്റലും ബി ബി സിയുടെ പുത്തന്‍ വെളിപ്പെടുത്തലുമെല്ലാം ചിലപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യ സംരക്ഷണത്തിന്റെ ഒരു കാവ്യനീതി പുലരാനുള്ള നിമിത്തങ്ങളായി ഭവിക്കാനും സാധ്യതകള്‍ ഏറെയാണ്.