മുഖാമുഖം
കവിത പുതുകാലത്തെ പ്രതിരോധം
ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ ജയകുമാറിന്റെ "പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ്. മുൻ ചീഫ് സെക്രട്ടറി, മലയാള സർവകലാശാല വൈസ് ചാൻസിലർ, കവി, വിവർത്തകൻ, ഗാനരചയിതാവ്, ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണിദ്ദേഹം.നിലവിൽ കേരള സർക്കാറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഡയറക്ടറാണ്. പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹവും ഔദ്യോഗിക ജീവിതത്തിനിടയിലെ തീക്ഷ്ണമായ അനുഭവങ്ങളും സമൂഹത്തിൽ ഒറ്റപ്പെടുന്നവൻ്റെ നൊമ്പരങ്ങളുമെല്ലാമാണ് അദ്ദേഹത്തിന്റെ വരികളിലുള്ളത്. കെ ജയകുമാർ പ്രതിവാരത്തോട് സംസാരിക്കുന്നു.
35 കവിതകളടങ്ങുന്ന സമാഹാരമാണ് പിങ്ഗള കേശിനി. നമ്മുടെ കാലഘട്ടത്തിന്റെ ദുഃഖങ്ങളും ദുരന്തങ്ങളും ആകാംക്ഷകളുമാണ് പ്രതിപാദിക്കുന്നത്. അവനവനിലേക്ക് ചുരുങ്ങുന്ന പുതുകാലത്ത് കാലഘട്ടത്തോടുള്ള പ്രതിരോധം തീർക്കൽ കൂടിയാണ്. മറ്റുള്ളവരിലെ പ്രയാസങ്ങളിലേക്ക് ഇഴുകിച്ചേരുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്. ഇതെല്ലാം കവിതാ സമാഹാരത്തിൽ പരാമർശിക്കുന്നുണ്ട്.
പിങ്ഗള കേശിനിയിലുള്ള ഒരു കവിതയാണ് “വിസിറ്റിംഗ് കാർഡ്’. 35 വർഷം ഉദ്യോഗത്തിലിരുന്നു. പല വിസിറ്റിംഗ് കാർഡുകളും ഉപയോഗിച്ചു. കലക്ടർ, ഡയറക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി… ഈ കാർഡുകളെല്ലാം നമ്മുടെ കൈയിൽ എപ്പോഴുമുണ്ടാകും. അവസാനം വിരമിച്ചപ്പോൾ ഇതെല്ലാം കൂടി നോക്കിയിട്ട് ഇത് വെച്ചുകൊണ്ട് നടന്നിട്ട് എന്ത് കാര്യം. എന്റെ കാർഡ് പലരുടെയും കൈയിൽ കാണാം. വ്യക്തിപരമായ ഒരു അന്വേഷണമായിരുന്നു ഇത്. കാർഡുകൾ നഷ്ടപ്പെട്ട എനിക്ക് കവിതയുടെ കാർഡ് അക്കാദമി നൽകിയതിൽ സന്തോഷമുണ്ട്.
ഒരു എഴുത്തുകാരനെന്ന നിലയിൽ വലിയ സന്തോഷം നൽകുന്നതാണ് ഈ അംഗീകാരം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും വലിയ പുരസ്കാരമാണ്. ആ ഭാഷയിൽ നിന്ന് ഒരു കൃതിക്ക് മാത്രമേ കൊടുക്കുന്നുള്ളൂ. അത് ഇപ്രവാശ്യം കവിതക്ക് കിട്ടി. കഴിഞ്ഞ 35 വർഷമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലക്ക് എനിക്ക് വലിയ അംഗീകാരമാണ്. ഇതു വരെ ചെയ്ത കാര്യങ്ങൾ നന്നായി എന്ന് വായനക്കാരോട് പറയുന്നതായി തോന്നും ഈ അവാർഡ്.
കൃതികൾ നീതി പുലർത്തി
കോളജിൽ പഠിക്കുന്ന കാലത്താണ് കവിതയോട് പ്രണയം ഉണ്ടാകുന്നത്. ചങ്ങമ്പുഴ, ഒ എൻ വി, വയലാർ, ആശാൻ എന്നിവരായിരുന്നു റോൾ മോഡൽ. കവിതകളിലെ കാൽപ്പനിക സങ്കൽപ്പങ്ങളിലൂടെയും നവകാലഘട്ടത്തിലൂടെയുള്ള മാറ്റങ്ങളിലൂടെയും സഞ്ചരിച്ചു.
ഇതുവരെ 47 കൃതികളാണ് രചിച്ചത്. 40 എണ്ണം മലയാളത്തിലും ഏഴെണ്ണം ഇംഗ്ലീഷിലുമാണ്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ചുറ്റുപാടുകളിലെ ആകുലതങ്ങളും സങ്കടങ്ങളുമാണ് കവിതയായി പ്രമേയമാക്കാറുള്ളത്. 1986 ൽ കോഴിക്കോട് ജില്ലാ കലക്ടറായിരിക്കുമ്പോഴാണ് ആദ്യത്തെ കവിത പിറവിയെടുക്കുന്നത്. ഒറ്റപ്പെട്ടവന്റെ പാട്ട് എന്ന ചെറിയൊരു പുസ്തകമായിരുന്നു. പിന്നീട് ഉദ്യോഗ ജീവിതത്തിനിടയിലെ അനുഭവങ്ങൾ കവിതകൾ രചിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് ജനിപ്പിച്ചത്.
എന്തിനാണ് എഴുതുന്നത് എന്ന് ചോദിച്ചാൽ ജീവിച്ചിരിക്കുന്ന കാലഘട്ടം ചുറ്റും കാണുന്ന യാഥാർഥ്യങ്ങൾ, നമ്മളെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ, നമ്മൾക്ക് വിലപ്പെട്ടതെന്ന് കരുതിയിരുന്ന വിശ്വാസങ്ങളെല്ലാം ഹനിക്കപ്പെടുന്ന കാലഘട്ടത്തിലൂടെ പോകുമ്പോൾ സ്വാഭാവികമായും എല്ലാ മനുഷ്യരേയും പോലെ ഒരു കവിക്കും ആകാംക്ഷകളും ആകുലതകളും ഒക്കെ ഉണ്ടാകും. കവി കുറച്ചു കൂടി ആഴത്തിൽ അതിനെ എടുത്ത് അയാൾക്ക് അറിയാവുന്ന ഭാഷയിൽ ആവിഷ്കരിക്കുന്നു. ഓരോ കവിയും വ്യത്യസ്തമായി എഴുതുന്നു. നമ്മൾ എല്ലാവരും ജീവിക്കുന്നത് ഓരോ കാലഘട്ടത്തിലാണ്. കവിതകൾ ജീവിത യാഥാർഥ്യങ്ങളെ വ്യത്യസ്തമായി അതിനെ വ്യാഖ്യാനിക്കുകയും തന്റെ ജീവിത കാലഘട്ടത്തിനോടുള്ള തന്റെതായിട്ടുള്ള രീതിയിൽ അതിനെ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അത് ഒരോ തരത്തിലായിരിക്കും. കവിതകൾ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. 2024 ൽ രചിച്ച കവിതാ സമാഹാരമാണ് “സൂചികളില്ലാത്ത ക്ലോക്ക്’.
ആത്മശ്രദ്ധ വേണം
കവിതക്ക് പുരസ്കാരം ആദ്യമായിട്ടാണ് ലഭിക്കുന്നത്. കവിതയുടെ തട്ടകം അംഗീകരിച്ചതിനാൽ ഇനി കൂടുതൽ ഉത്തരവാദിത്വമുണ്ട്. കവിത എന്ന മാധ്യമത്തെ കുറച്ചു കൂടി ഗൗരവമായി എടുക്കാൻ ഈ അവാർഡ് എന്നെ പ്രേരിപ്പിക്കും. കവിത ഒരു നേരംപോക്ക് അല്ല എന്ന് എനിക്ക് പണ്ടേ അറിയാം. കവിതയിൽ കുറച്ചു കൂടി ആത്മശ്രദ്ധ ഉണ്ടാകണമെന്നാണ് ഈ അവാർഡ് എന്നോട് ആവശ്യപ്പെടുന്നത്.
പുത്തൻ ട്രെൻഡ്
കവിതകളിലും പുതിയ ട്രെൻഡുകൾ പരീക്ഷിക്കുന്നവരുണ്ട്. പരീക്ഷണങ്ങൾ നടത്തുമ്പോൾ എനിക്ക് ബോധ്യമുള്ള കാര്യങ്ങളിൽ മാത്രമേ അത് ചെയ്യുകയുള്ളൂ. യാഥാസ്ഥികനെന്ന് പറയാൻ കഴിയില്ല. പിന്നെ വായനക്കാരെ കൂടി കണക്കിലെടുത്താണ് പരിഷ്കാരങ്ങൾ വരുത്താറുള്ളത്. വായനക്കാരുമായിട്ടാണ് സംവേദനം ചെയ്യുന്നത്. വായനക്കാരൻ അന്ധാളിച്ചു പോയാൽ എന്റെ അധ്വാനം വെറുതെയാകില്ലേ. വലിയ പരീക്ഷണങ്ങൾക്ക് മുതിരാറില്ല. എന്നാൽ പരമ്പരാഗതമായി എഴുതുന്നുമില്ല.
വ്യത്യസ്തനാകാൻ മത്സരിക്കുന്നു
എല്ലാ കവികൾക്കും വ്യത്യസ്തരാകാൻ വലിയ ആഗ്രഹമാണ്. അത് സ്വാഭാവികമാണ്. അതുകൊണ്ടാണ് കവി ആയത്. ഇതിനാൽ വ്യത്യസ്തമായി ആവിഷ്കരിക്കണം. അപ്പോൾ പഴയ രീതിയിലുള്ള വാക്കുകൾ വേണ്ട. സംസ്കൃത വാക്ക് വേണ്ട, പഴയ ഓർമകൾ വേണ്ട എന്നതൊക്കെ എല്ലാ കവികൾക്കും ഉള്ള ചില പ്രശ്നങ്ങളാണ്. ചില ആവിഷ്കാരങ്ങൾ ചീറ്റിപ്പോകും. വായനക്കാരന്റെ സൗന്ദര്യ ബോധ്യം കൂടി നമ്മുടെ മനസ്സിൽ ഉണ്ടാകണം. സാഹിത്യകാരൻ സമൂഹത്തിൽ നിന്ന് അകന്ന് പോകരുത്. അവനവന്റെ കാര്യം മാത്രം നോക്കരുത്. അത്തരത്തിലുള്ള കാര്യം ഡയറിയിൽ സൂക്ഷിച്ചാൽ മതി. അവനവന്റെ ദുഃഖം മറ്റുള്ളവരുടെ ദുഃഖം കൂടിയായി മാറുന്ന നിലവാരത്തിൽ എത്തിയാൽ മാത്രമേ കവിക്ക് സ്ഥാനമുള്ളൂ.