Kerala
വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കപ്പലണ്ടി മിഠായിയില്‍ വിഷാംശം; പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം | സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കപ്പലണ്ടി മിഠായിയില്‍ വിഷലിപ്തമായ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. ‘ഭക്ഷ്യ ഭദ്രതാ അലവന്‍സ്’ ഭക്ഷ്യ കിറ്റുകളായി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വിതരണം ചെയ്ത കപ്പലണ്ടി മിഠായിയിലാണ് വിഷലിപ്തമായ രാസവസ്തു കണ്ടെത്തിയത്. മിഠായിയുടെ സാമ്പിള്‍ പരിശോധനാ ഫലം മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ മന്ത്രി, ഭഷ്യമന്ത്രി എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് കൈമാറി.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അഫ്ളോടോക്സിന്‍ ബി വണ്‍ എന്ന രാസവസ്തുവാണ് മിഠായിയില്‍ കലര്‍ന്നിരുന്നത്. തമിഴ്നാട്ടിലെ ഒരു കമ്പനിയില്‍ നിന്നാണ് സപ്ലൈകോ ഈ മിഠായി വാങ്ങിയത്. കിറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കപ്പലണ്ടി മിഠായി സര്‍ക്കാര്‍ അനലിസ്റ്റ്സ് ലബോറട്ടറിയില്‍ പരിശോധനക്ക് നല്‍കിയത്. കപ്പലണ്ടിയില്‍ അഫ്ളോ ടോക്സിന്‍ ബി 1 എ മാരകമായ വിഷാംശമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. 938 സ്‌കൂളുകളിലാണ് ഇത്തരം കപ്പലണ്ടി മിഠായികള്‍ വിതരണം ചെയ്തത്.
അഫ്ളോടോക്സിന്‍ ബി വണ്‍ വിഷാംശം കരളിനെ ബാധിക്കുമെന്നും നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിസിന് 90 ശതമാനം കാരണമാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.