Kerala
കാക്കനാട് എന്‍സിസി ക്യാമ്പിലെ വിഷബാധ; അന്വേഷണത്തിന് കമ്മറ്റിയെ നിയോഗിച്ചു
അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ കൊല്ലം ബ്രിഗേഡിയര്‍ സുരേഷ് ജിയുടെ നേതൃത്ത്വത്തിലുളള ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചുകൊണ്ട് ഒഫീഷ്യാറ്റിംങ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍സിസി ഉത്തരവിറക്കി

കൊച്ചി | കാക്കനാട് എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ അന്വേഷണം. ബ്രിഗേഡിയര്‍ റാങ്കിലുളള ഓഫീസറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര കെഎംഎം കോളജിലെ എന്‍സിസി ക്യാമ്പില്‍ കേഡറ്റുകള്‍ക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ കൊല്ലം ബ്രിഗേഡിയര്‍ സുരേഷ് ജിയുടെ നേതൃത്ത്വത്തിലുളള ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചുകൊണ്ട് ഒഫീഷ്യാറ്റിംങ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍സിസി ഉത്തരവിറക്കി.
താല്‍ക്കാലികമായ നിര്‍ത്തിവെച്ച ക്യാമ്പ് ഡിസംബര്‍ 26ന് പുനരാരംഭിക്കുമെന്ന് ഒഫീഷ്യാറ്റിംങ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍ സി സി അറിയിച്ചു.അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 ഓളം വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.