National
ഗുജറാത്തിൽ വിഷമദ്യ ദുരന്തം; 30 മരണം; നിരവധി പേർ ആശുപത്രിയിൽ
ഉഗ്രവിഷമുള്ള മീഥൈൽ ആൽക്കഹോൾ ഉപയോഗിച്ചാണ് മദ്യം നിർമ്മിച്ചതെന്ന് പോലീസ്

അഹമ്മദാബാദ് | ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിൽ വ്യാജമദ്യം കഴിച്ച് 30 പേർ മരിച്ചു. 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 30 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച 10 പേരും ഇന്ന് ചികിത്സയിലിരിക്കെ 20 പേരുമാണ് മരിച്ചത്. സംഭവത്തിൽ മുഖ്യപ്രതിയടക്കം 14 പേർ അറസ്റ്റിലായി. എസ്ഐടി കേസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ റോജിദിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ബർവാലയിലെ റോജിദ് ഗ്രാമത്തിലെ മദ്യ ചൂളയിൽ തിങ്കളാഴ്ച എട്ട് ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ മദ്യം കുടിക്കാൻ എത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഉഗ്രവിഷമുള്ള മീഥൈൽ ആൽക്കഹോൾ ഉപയോഗിച്ചാണ് മദ്യം നിർമ്മിച്ചതെന്ന് ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആശിഷ് ഭാട്ടിയ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ബോട്ടാഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നും ആറ് പേർ അഹമ്മദാബാദ് ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു.
കൊലപാതകം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി 14 പേർക്കെതിരെ മൂന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും കസ്റ്റഡിയിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) അഹമ്മദാബാദ് ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.
അതേസമയം, നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ പലയിടത്തും അനധികൃത മദ്യം വിൽക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഗുജറാത്ത് സന്ദർശനത്തിനെത്തിയ കെജ്‌രിവാൾ, ഇരകളിൽ ചിലരെ പ്രവേശിപ്പിച്ചിരിക്കുന്ന ഭാവ്‌നഗറിലെ ആശുപത്രി സന്ദർശിക്കുമെന്നും അറിയിച്ചു.