Poem
പോക്കുവെയിൽ സഞ്ചാരം
മുത്തശ്ശിയായി വന്നു നീ ഉമ്മറക്കോലായിൽ കാലുംനീട്ടിയിരിക്കുക പൂതക്കഥകളുടെ വെറ്റിലമണം അവിടെയെങ്ങും പരക്കട്ടെ
ഒരിക്കൽക്കൂടി ഒരു ബാലനായ് മാറി
കൊയ്ത്തുപാടത്ത് കുയ്യേറ് കളിക്കുവാൻ
അനുവാദം നൽകുക.
ഒരിക്കൽക്കൂടി നീ എന്നെ ചെളിയിൽ വീഴ്ത്താൻ
മഴക്കാല വയൽവരമ്പാവുക
കൈത്തോട്ടിലൂടെ ഒഴുകിയെത്തുന്ന
പരൽമീനായ് എന്റെ കൈക്കുമ്പിളിൽ ഒതുങ്ങുക.
ആവുപ്പാട് നേർച്ചപ്പന്തലിലെ ആവി പാറുന്ന
മഞ്ഞച്ചോറായ് നീ എന്റെ വിശപ്പകറ്റുക.
പൊന്നുന്തോറമലയിൽനിന്നു
വീശുന്ന ഇലഞ്ഞിപ്പൂമണമുള്ള പൂങ്കാറ്റായ്
വീട്ടുമുറ്റത്തു കൂടി കടന്നുപോവുക.
ഒരിക്കൽക്കൂടി നീ കുറുപ്പുമാഷായ് വന്ന്
എന്റെ കൈവെള്ളയിൽ ചൂരൽ വീഴ്ത്തുക
മറന്ന സമവാക്യമായി തൊണ്ടയിൽ കുരുങ്ങുക
ഉത്തരം തെറ്റിച്ചു പറയുമ്പോൾ
എന്നെ മൊയന്താക്കി നീ കൂട്ടുകാരോടൊപ്പം
ആർത്തുചിരിക്കുക.
മുത്തശ്ശിയായി വന്നു നീ ഉമ്മറക്കോലായിൽ
കാലുംനീട്ടിയിരിക്കുക
പൂതക്കഥകളുടെ വെറ്റിലമണം അവിടെയെങ്ങും പരക്കട്ടെ.
പാതിരാവിൽ മാവിൻകൊമ്പത്ത് പതിയിരിക്കുന്ന
കൂമനായ് മൂളി എന്നെ പേടിപ്പിക്കുക
ഉണ്ണിമാങ്ങകൾ വീഴ്ത്തി ഉറക്കം കെടുത്തുക.
നിനക്കാവുമെങ്കിൽ എന്നെയും കൂട്ടി പഴയ
നാട്ടുകാലങ്ങളുടെ നടവരമ്പിലൂടെ വെറുതെ നടക്കുക
ഒരു പോക്കുവെയിൽ സഞ്ചാരം.