National
പഞ്ചാബില്‍ കര്‍ഷക സമരത്തിനെതിരെ പോലീസ് നടപടി; മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍, കര്‍ഷകരെ ബലം പ്രയോഗിച്ച് നീക്കി
മുതിര്‍ന്ന കര്‍ഷക നേതാക്കളായ സര്‍വന്‍ സിങ് പന്തര്‍, ജഗ്ജിത് സിങ് ധല്ലേവാള്‍ എന്നിവരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.

ചണ്ഡീഗഡ് |കടം എഴുതിത്തള്ളുക, ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചാബിലെ ശംഭു, ഖനൗരി അതിര്‍ത്തി കേന്ദ്രങ്ങളില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് നടപടി. മുതിര്‍ന്ന കര്‍ഷക നേതാക്കളായ സര്‍വന്‍ സിങ് പന്തര്‍, ജഗ്ജിത് സിങ് ധല്ലേവാള്‍ എന്നിവരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിലുള്ള കര്‍ഷകര്‍ക്കെതിരെ ബലപ്രയോഗമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഹര്‍പാല്‍ ചീമയുടെ പ്രസ്താവന പുറത്തുവന്ന് മിനുട്ടുകള്‍ക്കകമാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കര്‍ഷകര്‍ താത്ക്കാലികമായി നിര്‍മിച്ച ഷെഡ്ഡുകള്‍ പൊലീസ് പൊളിച്ചുനീക്കി. മുഴുവന്‍ കര്‍ഷകരെയും സമര വേദിയില്‍ നിന്നും ബലമായി മാറ്റി. പട്യാല ബഹാദൂര്‍ പോലീസ് ട്രെയിനിംഗ് സെന്ററിലേക്കാണ് എല്ലാവരെയും മാറ്റിയത്. കര്‍ഷകര്‍ താത്ക്കാലികമായി നിര്‍മിച്ച സ്റ്റേജും പോലീസ് പൊളിച്ചുനീക്കി.
കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് അതിര്‍ത്തിയില്‍ തിരിച്ചെത്തിയ ഉടനെയാണ് പന്തറിനെയും ധല്ലേവാളിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മരണം വരെ നിരാഹാരമനുഷ്ഠിക്കുന്ന ധല്ലേവാളിനെ, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന ആംബുലന്‍സില്‍ ഖനൗരി അതിര്‍ത്തിയിലേക്ക് പോകുന്നതിനിടെ സിറാക്പുരില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാന്തറിനെ മൊഹാലിയില്‍ വച്ചും. ഇരു നേതാക്കള്‍ക്കും പുറമെ, 14 കര്‍ഷക നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ധല്ലേവാള്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സിന്റെ ഡ്രൈവറെ പുറത്തിറക്കിയ ശേഷം വാഹനത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുക്കുകയായിരുന്നുവെന്നേ സമരക്കാര്‍ ആരോപിച്ചു. പോലീസ് നടപടിയെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി അപലപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ ആര്‍ എസ് എസിനും ബി ജെ പിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായെന്നും കിസാന്‍ മോര്‍ച്ച കുറ്റപ്പെടുത്തി.