Uae
ദുബൈയിൽ 33 യാചകരെ പോലീസ് അറസ്റ്റ് ചെയ്തു
ഷാർജ പോലീസും കർശന നടപടിക്ക്

ദുബൈ| റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 33 യാചകരെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് അറിയിച്ചു. “യാചകരില്ലാത്ത ബോധമുള്ള സമൂഹം’ എന്ന തലക്കെട്ടിലുള്ള യാചക വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ അറസ്റ്റ് ചെയ്തത്. നേരത്തെ, റമസാനിലെ ആദ്യ ദിവസം ക്യാമ്പയിനിന്റെ ഭാഗമായി ഒമ്പത് യാചകരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. അന്ന് അറസ്റ്റിലായവരിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്.
ഭിക്ഷാടനത്തിൽ കുട്ടികളെയും രോഗികളെയും നിശ്ചയദാർഢ്യമുള്ള ആളുകളെയും ചൂഷണം ചെയ്യുന്നത് ഉൾപ്പെടെയുള്ള വിവിധ രീതികൾ ഉപയോഗിച്ച് കൊണ്ടാണ് യാചക സംഘങ്ങൾ പണം കൈക്കലാക്കുന്നത്. കുട്ടികൾക്കൊപ്പം സ്ത്രീകൾ യാചിക്കുന്നതായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
പുണ്യമാസത്തിൽ പ്രത്യേകിച്ച് പള്ളികൾ, കമ്മ്യൂണിറ്റി മീറ്റിംഗ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ അടക്കം യാചകർ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഷാർജയിൽ, റമസാൻ മാസത്തിൽ പോലീസ് നടത്തിയ ഒരു പരീക്ഷണത്തിൽ യാചകന്റെ വേഷം ധരിച്ച് ഒരു മണിക്കൂറിനുള്ളിൽ 367 ദിർഹം എങ്ങനെ പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി. ഷാർജയിലും യാചനക്കെതിരെ കർശന നടപടി സ്വീകരിച്ചു വരികയാണ്.
യു എ ഇയിൽ യാചന ഗുരുതരമായ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. യാചക സംഘങ്ങളെ സംഘടിപ്പിക്കുന്നതിനും ഭിക്ഷ യാചിക്കുന്നതിനായി രാജ്യത്തിന് പുറത്തുനിന്നുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനും ആറ് മാസം തടവും 100,000 ദിർഹം പിഴയും ലഭിക്കും. കൂടാതെ, പെർമിറ്റില്ലാതെ ഫണ്ട് സ്വരൂപിക്കുന്നത് 500,000 ദിർഹം വരെ പിഴ ഈടാക്കാം.