Kerala
പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു; വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍
'പോലീസ് തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണ്. അബ്ദുല്‍ സത്താറുമായി ബന്ധപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതി.'
കാസര്‍കോട് | പോലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍.
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിനോട് പോലീസ് കാട്ടിയത് ഗുണ്ടായിസമാണെന്ന്
അന്‍വര്‍ പറഞ്ഞു. ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിലാണ് സത്താര്‍ ജീവനൊടുക്കിയത്. സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
ഗുണ്ടകളെ പോലെ പെരുമാറുന്ന പോലീസ് തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണ്. അബ്ദുല്‍ സത്താറുമായി ബന്ധപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതി. ഏറ്റവും മോശം പോലീസ് ഉദ്യോഗസ്ഥന്മാരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണെന്നും അന്‍വര്‍ പറഞ്ഞു.
ഓട്ടോ തൊഴിലാളികളും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ് പോലീസിന്റെ ഏറ്റവും വലിയ ഇരകള്‍. കേരളത്തില്‍ പോലീസിനെ കണ്ടാല്‍ ജനങ്ങള്‍ക്ക് പേടിയാണ്. ധൈര്യത്തോടെ പോലീസ് സ്റ്റേഷനിലേക്ക് പൊതുപ്രവര്‍ത്തകര്‍ക്ക് ചെല്ലാന്‍ സാധിക്കുന്നില്ല. എല്ലാം മറച്ചു വെച്ച് മാന്യമായ ഭരണം നടത്തുന്നു എന്ന് പിണറായി സര്‍ക്കാര്‍ പറയുന്നതില്‍ അര്‍ഥമില്ല. അബ്ദുല്‍ സത്താറിനെ കൈയേറ്റം ചെയ്യുകയും ജനങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുന്ന എസ് ഐ. അനൂപിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സത്താറിന്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. കുടുംബത്തിന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും സത്താറിന്റെ കുടുംബത്തെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും അന്‍വര്‍ അഭ്യര്‍ഥിച്ചു.