National
ഒഡീഷയില്‍ മലയാളി വൈദികനുള്‍പ്പെടെ പോലീസിന്റെ ക്രൂര മര്‍ദനം
പാകിസ്താനില്‍ നിന്നെത്തി മതം മാറ്റുന്നുവെന്നാരോപിച്ച് വലിച്ചിഴച്ചു

ഭുവനേശ്വര്‍ | ഒഡീഷയില്‍ മലയാളി വൈദികനുള്‍പ്പെടെ പോലീസിന്റെ ക്രൂര മര്‍ദനം. ബെഹാരാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോര്‍ജാണ് മര്‍ദനത്തിനിരയായത്. ആക്രമണത്തില്‍ സഹ വൈദികന്‍ ഫാ. ദയാനന്ദിന്റെ തോളെല്ല് പൊട്ടി. പാകിസ്താനില്‍ നിന്നെത്തി മതം മാറ്റുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി.
ഒരു കാരണവുമില്ലാതെയാണ് മര്‍ദിച്ചതെന്ന് വൈദികര്‍ ആരോപിച്ചു. ഒഡീഷയിലെ ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് പരിശോധനക്കെത്തിയത പോലീസാണ് മര്‍ദിച്ചത്. പോലീസ് സമീപത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയില്‍ നിന്ന് കാശ് വാങ്ങി മതപരിവര്‍ത്തനം നടത്തുകയാണെന്നും പോലീസുകാര്‍ ആക്രോശിച്ചതായി ഫാദര്‍ ജോഷി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് വലിച്ചിഴച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് കൃഷിക്കാരനെ പിടികൂടാനെത്തിയ പോലീസ് ഗ്രാമവാസികള്‍ക്ക് നേരെ വ്യാപക അതിക്രമം അഴിച്ചുവിടുകയായിരുന്നു.