From the print
സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
ക്രിമിനൽ പശ്ചാത്തലമുള്ളവർ പുറത്ത്
ആലപ്പുഴ | പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) നിർബന്ധമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പി സി സി നിർബന്ധമാക്കുന്നത്. അലക്ഷ്യമായും മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നത് മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുകയും വിദ്യാർഥികളുൾപ്പെടെ അപകടത്തിൽ പ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പി സി സി നിർബന്ധമാക്കുന്നത്. ഇതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി നിർത്താനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.
ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സ്‌കൂൾതല യോഗങ്ങൾ വിളിച്ചുകൂട്ടാനും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ വി ശിവൻകുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ, സ്‌കൂൾ ബസുകളുടെ പരിശോധന ഇന്നും നാളെയുമായി നടക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. സ്കൂളുകളിൽ ശുചീകരണം പൂർത്തീകരിക്കുകയും വേണം. വയനാട്ടിലെ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റ മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ പരിസരത്തും ക്ലാസ്സ് മുറികളിലും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
സ്‌കൂളുകളിൽ അപകടകരമായ ഇലക്്ട്രിക് ലൈനുകളും മരങ്ങളുമില്ലെന്ന് ഉറപ്പ് വരുത്തണം. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി എ ഇ ഒ, ഡി ഇ ഒമാർ ഈ മാസം 25നും 30 നുമിടയിൽ സ്‌കൂളുകൾ സന്ദർശിക്കും. പോക്സോ കേസിൽ പെടുന്നവരോട് യാതൊരു അനുകമ്പയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അധ്യയന വർഷം അധ്യാപകരുൾപ്പെട്ട നിരവധി പോക്സോ കേസുകൾ വിവിധ സ്‌കൂളുകളിൽ റിപോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇത്തരം കേസുകളിൽ പെടുന്ന അധ്യാപകരുടെ സംഘടനാ ബന്ധവും മറ്റും കാരണം പലപ്പോഴും നടപടികൾ വൈകുന്നതായുള്ള പരാതികൾ നിലനിൽക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.