Connect with us

kalotsavam welcome song

സ്‌കൂള്‍ കലോത്സവം സ്വാഗതഗാനം: മന്ത്രിയടക്കം അഭിനന്ദിച്ചതായി കനകദാസ്

സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തിലടക്കം പരിപാടികൾ അവതരിപ്പിച്ചതായും കനകദാസ് പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിൻ്റെ ദൃശ്യാവിഷ്കരണം തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടർ കനകദാസ് പ്രതികരണവുമായി രംഗത്ത്. പരിപാടി കഴിഞ്ഞപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് അടക്കം തന്നെ അഭിനന്ദിച്ച് കൈ തന്നതായും ചിലർ വിവാദമാക്കിയപ്പോൾ മാറ്റിപ്പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തിലടക്കം പരിപാടികൾ അവതരിപ്പിച്ചതായും കനകദാസ് പറഞ്ഞു.

തൻ്റെ സ്ഥാപനത്തിന് ഏതെങ്കിലും സംഘടനയുമായി ബന്ധമില്ലെന്നും സംഘ്പരിവാർ ബന്ധങ്ങളെന്ന വിമർശത്തിന് കനകദാസ് മറുപടി നൽകി. ദൃശ്യാവിഷ്കാരത്തിൻ്റെ റിഹേഴ്സലിൽ ഫുൾ ഡ്രസ്സ് ഇട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, റിഹേഴ്സലിൽ കണ്ടതല്ല ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചതെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു. സംഭവത്തിനെതിരെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. പരിശോധിച്ച് നടപടി വേണമെന്നാണ് സി പി എമ്മിൻ്റെ ആവശ്യം.

മതസ്പര്‍ധയും വെറുപ്പും വളര്‍ത്തുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ തൃശ്ശൂരിലെ കോണ്‍ഗ്രസ്സ് നേതാവും സാമൂഹികപ്രവര്‍ത്തകനുമായ വി ആര്‍ അനൂപ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വാഗതഗാനത്തില്‍ ഒരു വിഭാഗത്തെ തീവ്രവാദികള്‍ ആയി ചിത്രീകരിച്ചിട്ടുണ്ടെന്നും അതിനകത്തെ ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ദൃശ്യാവിഷ്‌കാരം പരിശോധിക്കണമെന്ന് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് തയ്യാറാക്കിയവരുടെ സംഘ്പരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും ബോധപൂര്‍വം കലാപാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചോ എന്ന് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

---- facebook comment plugin here -----

Latest