kalotsavam welcome song
സ്‌കൂള്‍ കലോത്സവം സ്വാഗതഗാനത്തിനെതിരെ പോലീസില്‍ പരാതി
കോൺഗ്രസ്സ് നേതാവാണ് നടക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
കോഴിക്കോട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മതസ്പര്‍ധയും വെറുപ്പും വളര്‍ത്തുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പോലീസില്‍ പരാതി. തൃശ്ശൂരിലെ കോണ്‍ഗ്രസ്സ് നേതാവും സാമൂഹികപ്രവര്‍ത്തകനുമായ വി ആര്‍ അനൂപാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സ്വാഗതഗാനത്തില്‍ ഒരു വിഭാഗത്തെ തീവ്രവാദികള്‍ ആയി ചിത്രീകരിച്ചിട്ടുണ്ടെന്നും അതിനകത്തെ ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരത്തിലാണ് ഇന്ത്യന്‍ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ദൃശ്യാവിഷ്‌കാരം പരിശോധിക്കണമെന്ന് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇത് തയ്യാറാക്കിയവരുടെ സംഘ്പരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും ബോധപൂര്‍വം കലാപാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചോ എന്ന് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.