Kerala
സി പി എമ്മുകാര്‍ വേട്ടയാടിയിട്ടും പോലീസ് ഇടപെടുന്നില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് ഡി സി സി
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബെറിയുകയും പ്രകടനം നടത്തുന്നവരെ ആക്രമിക്കുകയുമെല്ലാം ചെയ്തിട്ടും പോലീസ് ഒരു കേസ് പോലും എടുത്തില്ല.
കോഴിക്കോട് | സി പി എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാരെ വേട്ടയാടുന്ന സ്ഥിതി തുടര്‍ന്നിട്ടും പോലീസ് ഇടപെടാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോഴിക്കോട് ഡി സി സി. അടുത്ത ദിവസങ്ങളിലായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സി പി എമ്മിന്റെ ആക്രമണത്തിനിരയായതെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആരോപിച്ചു. പോലീസില്‍ നിന്നും സുരക്ഷ കിട്ടാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്ന് ഇനി മുന്നിലുള്ള മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് കോടതിയെ സമീപിക്കുക.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബെറിയുകയും പ്രകടനം നടത്തുന്നവരെ ആക്രമിക്കുകയുമെല്ലാം ചെയ്തിട്ടും പോലീസ് ഒരു കേസ് പോലും എടുത്തില്ല. പോലീസില്‍ വിശ്വാസമില്ലാതായിരിക്കുകയാണ്. പയ്യോളി സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അവഹേളിച്ചു പറഞ്ഞയക്കുന്ന സ്ഥിതി പോലുമുണ്ടായി. അക്രമം അവസാനിപ്പിക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും ഇടപെടേണ്ട പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. സി പി എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ സായാഹ്ന ധര്‍ണ നടത്തുമെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.