Connect with us

Pathanamthitta

കുറ്റിപ്പുഴയില്‍ നിന്നും കാണാതായ 15 കാരനെ പോലീസ് ചെന്നൈയില്‍ കണ്ടെത്തി

ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകള്‍ അന്വേഷണ സംഘം പരിശോധിച്ചു. കിട്ടിയ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണസംഘം സഞ്ചരിച്ചുകൊണ്ടേയിരുന്നു.

Published

|

Last Updated

പത്തനംതിട്ട |  കഴിഞ്ഞ മെയ് 7ന് തിരുവല്ലയില്‍ നിന്നും കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി. കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ കുട്ടിയെയാണ് ചെന്നൈയില്‍ നിന്നും പോലീസ് കണ്ടെത്തിയത്.

ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകള്‍ അന്വേഷണ സംഘം പരിശോധിച്ചു. കിട്ടിയ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണസംഘം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗര്‍കോവില്‍, വഴിക്കടവ്, ഗുഡല്ലൂര്‍ എന്നിവടങ്ങളിലേക്ക് അന്വേഷണം നീണ്ടു. കുട്ടി തിരുവനന്തപുരത്തെക്കും തുടര്‍ന്ന് ട്രെയിനില്‍ ചെന്നൈയിലേക്കുമാണ് പോയത്. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കാള്‍ വിവരങ്ങള്‍ ലഭ്യമാകാഞ്ഞത്. ഫോണ്‍ പിന്നീട് ചെന്നൈയില്‍ വില്‍ക്കുകയും ചെയ്തു.ചെന്നൈയില്‍ ഫോണ്‍ വാങ്ങിയത് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഹോള്‍സെയില്‍ വ്യാപരിയായിരുന്നു.

അയാളില്‍ നിന്നും ഗൂഡല്ലൂരിലെ മൊത്തക്കച്ചവടക്കാരന്‍ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തില്‍ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാള്‍ ഫോണ്‍ വാങ്ങിയശേഷം സിം കാര്‍ഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകള്‍ ലഭിച്ചത്. ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ വേഗം കൂടി. തുടര്‍ന്ന് അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചു. അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോള്‍ മാസങ്ങള്‍ നീണ്ടകഠിനാധ്വാനത്തിനും കഷ്ടപ്പാടുകള്‍ക്കും പരിസമാപ്തിയാവുകയായിരുന്നു.

കുട്ടിയെ വീടിനു പുറത്തൊന്നും കളിക്കാന്‍ വിടാതെ വീട്ടുകാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് പത്താം ക്ലാസ്സ് പരീക്ഷാഫലം പുറത്തുവരുന്നതിന് ഒരാഴ്ച്ചമുമ്പ് വീടുവിട്ടിറങ്ങിയത്. കണ്ടെത്തുമ്പോള്‍ ചെന്നൈയിലെ പാരീസ് കോര്‍ണര്‍ എന്ന സ്ഥലത്ത് രത്തന്‍സ് ബസാറിലെ നാസര്‍ അലി എന്നയാളുടെ ബിരിയാണിക്കടയില്‍ സഹായിയായി ജോലി നോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഫോണില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പോലീസിന് വ്യക്തമായത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച സംഘത്തില്‍ എസ് സി പി ഓമാരായ മനോജ്, അഖിലേഷ്, സി പി ഓ അവിനാശ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

 

---- facebook comment plugin here -----