National
ജഗന്‍ മോഹന്‍ റെഡ്ഡിയെ ആക്രമിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്
വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഹൈദരാബാദ്|ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആക്രമിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ടിആര്‍ പോലീസ്. വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍ടിആര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് അഡീഷണല്‍ ഡിസിപി ആര്‍ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്ന് പോലീസ് നിര്‍ദേശം.
സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍, വാട്ട്സ്ആപ്പ് വഴിയോ നേരിട്ടോ താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടാമെന്നും വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡിസിപിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡിസിപിയെ 9440627089 എന്ന നമ്പരിലുമാണ് ബന്ധപ്പെടേണ്ടത്.
ശനിയാഴ്ച രാത്രി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘മേമന്ദ സിദ്ധം’ ബസ് യാത്രയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കുനേരെ ആക്രമണമുണ്ടായത്. വിജയവാഡയില്‍ റോഡ് ഷോയ്ക്കിടെയുണ്ടായ കല്ലേറില്‍ ജഗന്റെ ഇടതു കണ്ണിന് മുകളിലായി നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ചു മുഖ്യമന്ത്രിയെ ഹാരം അണിയിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അജ്ഞാതന്‍ കല്ലെറിയുകയായിരുന്നു.