National
നോയിഡയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്
ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്‌നോ| ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 വരെ നിരോധനാജ്ഞ തുടരുമെന്ന് ഗൗതംബുദ്ധ നഗര്‍ പോലീസ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈത്ര നവരാത്രി, ഈദ്, അംബേദ്ക്കര്‍ ജയന്തി, രാമ നവമി എന്നീ ആഘോഷങ്ങള്‍കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും പോലീസ് അറിയിച്ചു.
ആഘോഷ ദിവസങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ഗൗതംബുദ്ധ നഗറിലെ സമാധാനം തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നതിന് സാമൂഹ്യ വിരുദ്ധരെ തടയേണ്ടത് അത്യാവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നതും അനധികൃത ഘോഷയാത്രകള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളില്‍ ആളുകള്‍ വടിപോലുള്ള സാധനങ്ങള്‍ കൈവശം വെക്കുന്നതെല്ലാം നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ ഒഴിവാക്കാനാകാത്ത മതപരമായ എന്തെങ്കിലും ചടങ്ങുകളുണ്ടെങ്കില്‍ അതിനായി പോലീസ് കമീഷണറുടെയോ അഡീഷണല്‍ പോലീസ് കമീഷണറുടെയോ അനുമതിവാങ്ങണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.