Ongoing News
മാളുകള്‍ സന്ദര്‍ശിക്കാനെത്തുന്നവരെ ലക്ഷ്യമാക്കുന്ന കവര്‍ച്ചാ സംഘത്തെ പോലീസ് പിടികൂടി
നാലംഗ സംഘത്തെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ദുബൈ| മാളുകള്‍ സന്ദര്‍ശിക്കാനെത്തുന്നവരെ ലക്ഷ്യമാക്കുന്ന കവര്‍ച്ച സംഘത്തെ പോലീസ് പിടികൂടി. വിലപിടിപ്പുള്ള സാധനങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. നാലംഗ സംഘത്തെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കാല്‍നടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ദുബൈ മാള്‍ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോക്കറ്റടി വര്‍ധിച്ചതിനെ തുടര്‍ന്നാണ് സിവില്‍ വേഷത്തില്‍ ദുബൈ പോലീസുകാരുടെ സംഘം അന്വേഷണത്തിനിറങ്ങിയത്.
സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജനക്കൂട്ടവുമായി ഇടപഴകാനും സാഹചര്യം നിരീക്ഷിക്കാനും പോലീസുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ ചുമതല നല്‍കി. അസര്‍ബൈജാനില്‍ നിന്നുള്ള 28, 45, 54 വയസ്സുള്ള മൂന്ന് പേരും താജിക്കിസ്ഥാനില്‍ നിന്നുള്ള 23 വയസ്സുള്ള ഒരാളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. സംഘം വളരെ സൂക്ഷ്മമായാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് കോടതി രേഖകളില്‍ പറയുന്നു.
ആള്‍ക്കൂട്ടത്തിന്റെ ബാഹുല്യം മുതലെടുത്ത് ദുബൈ മാളിലെ ഡാന്‍സിംഗ് ഫൗണ്ടന്‍ ഭാഗത്ത് ഇവര്‍ നിലയുറപ്പിച്ചിരുന്നു. അവര്‍ ഫൗണ്ടന്‍ ഷോ കാണുന്നതായി നടിച്ചു. ഒരു അംഗം സ്ത്രീയെ നിരീക്ഷിക്കുകയും രണ്ട് പേര്‍ അവരുടെ ശ്രദ്ധ തിരിക്കുകയും നാലാമനെ അവരുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ സൂചന നല്‍കുകയും ചെയ്തു. ഇരയെ ആശയക്കുഴപ്പത്തിലാക്കാന്‍ അവര്‍ വ്യത്യസ്ത ദിശകളിലേക്ക് ഓടിപ്പോയി. എന്നാല്‍ സംഘത്തെ പോലീസ് ഓടിച്ചു പിടിച്ചു. അറസ്റ്റിന് മുമ്പ് സംഘം ഫോണ്‍ കളഞ്ഞു.
ദുബൈ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടികള്‍ അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രഹസ്യ സുരക്ഷാ സംഘങ്ങളെ രൂപീകരിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തി. ഇത്തരം സന്ദര്‍ഭങ്ങള്‍ കാമറകളിലും പതിഞ്ഞിട്ടുണ്ട്.