Connect with us

kerala police

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും എട്ടു വയസ്സുകാരിയേയും പോലീസ് അപമാനിച്ചെന്ന്‌ പരാതി

ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ ആറ്റിങ്ങലില്‍ വഴിയോരത്ത് നില്‍ക്കുകയായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും

Published

|

Last Updated

തിരുവന്തപുരം | ചെയ്യാത്ത മോഷണത്തിന്റെ പേരില്‍ പരസ്യമായി ചോദ്യം ചെയ്ത് പോലീസ്. ആറ്റിങ്ങലില്‍ പിങ്ക് പൊലീസാണ് അച്ഛനേയും എട്ട് വയസുള്ള മകളേയും പരസ്യമായി ചോദ്യം ചെയതത്. അച്ഛന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചായിരുന്നു വനിത പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്.

ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ ആറ്റിങ്ങലില്‍ വഴിയോരത്ത് നില്‍ക്കുകയായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും. കുടിക്കാന്‍ വെള്ളം വാങ്ങിയശേഷം നടന്നുവന്ന ജയചന്ദ്രനെ പിങ്ക് പോലീസ് തടഞ്ഞുനിര്‍ത്തി എടുക്കെടാ മൊബൈല്‍ ഫോണ്‍ എന്ന് ആവശ്യപ്പെട്ടു. ജയചന്ദ്രന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പൊലീസിന് നല്‍കി. ഇതല്ല നീ കാറില്‍ നിന്നെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണം എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ നിലപാട്. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ ജയചന്ദ്രന്‍ മോഷ്ടിച്ച ഫോണ്‍ മകളെ എല്‍പിക്കുന്നത് കണ്ടെന്നായിരുന്നു വനിത പോലീസ് പറഞ്ഞുകൊണ്ടിരുന്നത്. പിടിക്കപ്പെട്ടപ്പോള്‍ മകള്‍ ഫോണ്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പോലീസ് ആരോപിച്ചു. അച്ഛന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞ് കുഞ്ഞു മകളും കരഞ്ഞു തുടങ്ങി.

ഇതിനിടയില്‍ ഈ പോലീസ് ഉദ്യോഗസ്ഥക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വനിത പോലീസ് പിങ്ക് പൊലീസിന്റെ കാറിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. ആ ബാഗില്‍ നിന്ന് ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു. അതുവഴി വന്ന ഒരാളാണ് ഇത് മൊബൈലില്‍ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്.

Latest