Lakshadweep
കല്‍പ്പേനിയില്‍ പോലീസ് വേട്ട; പണ്ടാര ഭൂമി സര്‍വേ തടഞ്ഞു
കേസ് നിലനില്‍ക്കുന്നതിനാല്‍ പിന്മാറണമെന്നും പ്രദേശവാസികള്‍ അറിയിച്ചു
കൊച്ചി | ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ പോലീസ് വേട്ട. പോലീസ് അതിക്രമത്തില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പണ്ടാരഭൂമി സര്‍വേക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം. കവരത്തി ദ്വീപില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാര പ്രാധാന്യമുള്ള ചെറു ദ്വീപാണ് പണ്ടാരഭൂമി.
കലക്ടറുടെ ഉത്തരവനുസരിച്ചാണ് ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നും കേസ് നിലനില്‍ക്കുന്നതിനാല്‍ പിന്മാറണമെന്നും പ്രദേശവാസികള്‍ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്. പിന്മാറാന്‍ കൂട്ടാക്കാതിരുന്ന സ്ത്രീകള്‍ക്ക് നേരെയടക്കം പോലീസ് അതിക്രമം നടന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെതിരെ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നുള്ള കുടിയൊഴിപ്പിക്കല്‍ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഈ മാസം 19 വരെയാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കല്‍ തടഞ്ഞത്. ജെ ഡി യു അധ്യക്ഷന്‍ ഡോ.മുഹമ്മദ് സാദിഖ് നല്‍കിയ ഹരജിയിലായിരുന്നു നടപടി. നേരത്തെ അഗത്തിയില്‍ എത്തിയ ഉദ്യോഗസ്ഥരെയും തദ്ദേശ വാസികള്‍ തടഞ്ഞിരുന്നു.