Connect with us

National

ആര്യന്‍ ഖാനൊപ്പം കപ്പലില്‍ സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിയ്ക്ക് പോലീസ് ലുക്കൗട്ട് നോട്ടീസ്

മയക്കുമരുന്ന് കേസില്‍ കിരണ്‍ ഗോസാവി സാക്ഷിയാണെന്നാണ് എന്‍സിബി വാദം. എന്നാല്‍ ഇയാള്‍ 2018ലെ തൊഴില്‍ തട്ടിപ്പുകേസിലെ പ്രതിയാണെന്ന് പുണെ പോലീസ് പറഞ്ഞു.

Published

|

Last Updated

മുംബൈ| ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിലെ സാക്ഷിയെ തെരഞ്ഞ് പൊലീസ്. ആര്യന്‍ ഖാനൊപ്പം കപ്പലില്‍ സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിക്കായാണ് മഹാരാഷ്ട്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മയക്കുമരുന്ന് കേസില്‍ കിരണ്‍ ഗോസാവി സാക്ഷിയാണെന്നാണ് എന്‍സിബി വാദം. എന്നാല്‍ ഇയാള്‍ 2018ലെ തൊഴില്‍ തട്ടിപ്പുകേസിലെ പ്രതിയാണെന്ന് പുണെ പോലീസ് പറഞ്ഞു.

കിരണ്‍ ഗോസാവി രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് എത്തിച്ചു. 2018ല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ ഫരസ്ഖാന പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നെന്നും പുണെ എസ്പി അമിതാഭ് ഗുപ്ത പറഞ്ഞു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ചിന്മയ് ദേശ്മുഖ് എന്നയാളില്‍ നിന്ന് 3.09 ലക്ഷം തട്ടിയത്.

എന്‍സിബി കസ്റ്റഡിയിലെടുത്ത ശേഷം ആര്യന്‍ ഖാനുമൊത്ത് ഇയാളെടുത്ത സെല്‍ഫി വൈറലായിരുന്നു. ആര്യന്‍ ഖാന്റെ കസ്റ്റഡിയിലും അറസ്റ്റിലും ഇയാളുടെ സജീവസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഇയാള്‍ എന്‍സിബി ഉദ്യോഗസ്ഥനാണെന്നായിരുന്നു ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്നും സാക്ഷിയാണെന്നും എന്‍സിബി വ്യക്തമാക്കി. ഇയാളുടെ സാമീപ്യത്തെ സംശയിച്ച് മഹാരാഷ്ട്രയില്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.