Kuwait
പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ കുവൈത്ത് പോലീസ് അന്തസ്സ് പുലര്‍ത്തണം: മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫ്
നടപടി ക്രമങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളും.
കുവൈത്ത് സിറ്റി | രാജ്യത്തെ ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ പോലീസ് പ്രതിജ്ഞാബദ്ധരാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്ത് ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ മുന്നറിയിപ്പ്. വിഷയത്തില്‍ പുറപ്പെടുവിച്ച നടപടി ക്രമങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളും.
നടപടി ക്രമങ്ങള്‍ പാലിക്കാതെ ഒരു പെണ്‍കുട്ടിയുടെ വാഹനം തടഞ്ഞു വെക്കുകയും പരിശോധന നടത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പട്രോളിംഗിനിടെ ഒരു പോലീസുകാരന്‍ തന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും ഇറങ്ങി വരാന്‍ പറയുകയും നടപടിക്രമം പാലിക്കാതെ വാഹനത്തില്‍ ഉണ്ടായിരുന്ന തന്റെ സ്വകാര്യ വസ്തുക്കള്‍ പരിശോധിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് നടപടി. പരിശോധന നടത്തിയ ഉടനെ പോലീസുകാരന്‍ കടന്നുകളഞ്ഞതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇദ്ദേഹം കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.