Kerala
പാസപോര്‍ട്ട് വെരിഫിക്കേഷനുവേണ്ടി കൈക്കൂലി വാങ്ങവേ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
കൈക്കൂലിയായി 1,000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങോത്തിനെ അറിയിക്കുകയായിരുന്നു
കണ്ണൂര്‍ | പാസപോര്‍ട്ട് വെരിഫിക്കേഷനുവേണ്ടി കൈക്കൂലി വാങ്ങവേ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖ് ആണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഞായറാഴ്ച വൈകീട്ട് വിജിലന്‍സിന്റെ പിടിയിലായത്.
കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ സ്വദേശിയായ പരാതിക്കാരന്റെ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്നതിനായി ഈമാസം 22ന് ഉമര്‍ ഫറൂഖിനെ സ്റ്റേഷനില്‍ നിന്നും ഏല്‍പ്പിച്ചിരുന്നു. പരാതിക്കാരന്‍ ഉമര്‍ ഫറൂഖിനെ സമീപിച്ചപ്പോള്‍ കൈക്കൂലിയായി 1,000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങോത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം കെണിയൊരുക്കി പരാതിക്കാരനില്‍ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ കയ്യോടെ പിടികൂടുകയാണുണ്ടായത്.