Kerala
പോലീസ് ഉദ്യോഗസ്ഥന് മര്‍ദനം; അക്രമി സംഘത്തിലെ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് യൂണിറ്റിലെ സി പി ഒ. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ശരത് ലാലിനാണ് ക്രൂരമര്‍ദനമേറ്റത്.
പത്തനംതിട്ട | ക്രമസമാധാനപാലനത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. റാന്നി നെല്ലിക്കാമണ്‍ കിഴക്കേതില്‍വീട്ടില്‍ സാം കെ ചാക്കോ (19), റാന്നി പഴവങ്ങാടി കളികാട്ടില്‍ വീട്ടില്‍ ജോസഫ് എബ്രഹാം (19), റാന്നി നെടുപറമ്പില്‍ അനസ് ജോണ്‍സന്‍ (23), റാന്നി കരികുളം നെടുപറമ്പില്‍ അജിന്‍, കുമ്പഴവടക്കുപുറം അഞ്ചുമരുതിയില്‍ സിദ്ധാര്‍ഥ് (19) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് യൂണിറ്റിലെ സി പി ഒ. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ശരത് ലാലിനാണ് ക്രൂരമര്‍ദനമേറ്റത്. ഇന്ന് വൈകിട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവമുണ്ടായത്. കാറില്‍ വന്ന അക്രമി സംഘം കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പള്ളിപ്പടി പോയിന്റില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തുവന്ന ശരത് ലാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരത് ലാല്‍ സംഭവ സ്ഥലത്തെത്തുകയും ആക്രമികളെ തടയുകയും ചെയ്തു. ഇത് വകവെയ്ക്കാതെ കടയുടമയെ തല്ലിയ സംഘം പിന്നീട് ശരത്തിനെതിരെ തിരിയുകയും ക്രൂരമര്‍ദനം അഴിച്ചുവിടുകയുമായിരുന്നു.
പരുക്കേറ്റ ശരത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അക്രമികള്‍ക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.