maveli express police attack
ട്രെയിനില്‍ യുവാവിനെ മര്‍ദിച്ച എ എസ് ഐക്ക് സസ്പെൻഷൻ
എ എസ് ഐ. എം സി പ്രമോദിനെയാണ് ഇന്റലിജൻസ് എ ഡി ജി പി സസ്പെൻഡ് ചെയ്തത്.
കണ്ണൂര്‍ | മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആരോപണവിധേയനായ എ എസ് ഐ. എം സി പ്രമോദിനെയാണ് ഇന്റലിജൻസ് എ ഡി ജി പി സസ്പെൻഡ് ചെയ്തത്. മദ്യപിച്ച യുവാവിനെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന വീഡിയോ പ്രചരിച്ചിരുന്നു. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോലീസ് ചവിട്ടി വീഴുത്തുകയായിരുന്നു.
മാവേലി എക്‌സ്പ്രസില്‍ തലശ്ശേരി- വടകര യാത്രക്കിടെയാണ് മര്‍ദനമുണ്ടായത്. സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ എ എസ് ഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കൈയിലുള്ള ടിക്കറ്റ് എടുക്കാന്‍ പോലീസുകാരന്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു.
എന്നാല്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എ എസ് ഐ പ്രമോദ് അവകാശപ്പെട്ടിരുന്നു. യാത്രക്കാരന്‍ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.