Kerala
പരുന്തുംപാറയില്‍ കുരിശ് സ്ഥാപിച്ച ആള്‍ക്കെതിരെ കേസെടുത്തു പോലീസ്
ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിര്‍മാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇടുക്കി| ഇടുക്കിയിലെ പരുന്തുംപാറയില്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് സ്ഥാപിച്ച ആള്‍ക്കെതിരെ കേസെടുത്തു പോലീസ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിര്‍മാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.
സജിത് നിരോധനാജ്ഞ ലംഘിച് നിര്‍മാണം നടത്തിയതിനെതിരെ പീരുമേട് ലാന്റ് റവന്യൂ തഹസില്‍ദാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യു ഉദ്യോഗസ്ഥ സംഘം പൊളിച്ചു മാറ്റിയിരുന്നു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും റവന്യു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.
അതേസമയം പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വേ വകുപ്പ് ഡിജിറ്റല്‍ സര്‍വേ തുടങ്ങും. മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സര്‍വേ. മേഖലയിലെ സര്‍ക്കാര്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ കളക്ടര്‍ നിയോഗിച്ച 15 അംഗ സംഘം രേഖകളുടെ പരിശോധനയും തുടങ്ങും.