Kerala
തൃശൂര്‍ പൂരം കലക്കലില്‍ കേസെടുത്ത് പോലീസ്
അതേ സമയം എഫ്‌ഐആറില്‍ ആരുടേയും പേരുകളില്ല
തൃശൂര്‍ | തൃശൂര്‍ പൂരം കലക്കലില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. അതേ സമയം എഫ്‌ഐആറില്‍ ആരുടേയും പേരുകളില്ല. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരജ്ഞന്റെ നിര്‍ദേശപ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. അന്വേഷണം പ്രത്യേക സംഘം തന്നെ ഏറ്റെടുത്തു. പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ രംഗത്തെത്തി. ബിജെപിക്ക് ജയിക്കാനായി പൂരം ബോധപൂര്‍വം കലക്കിയതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിനിടെ, ആര്‍എസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കല്‍ ഒളിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു