Connect with us

Uae

മറീനയിൽ കടലിൽ ഒഴുക്കിൽപ്പെട്ട യൂറോപ്യൻ യുവതിയെ പോലീസ് രക്ഷിച്ചു

ബീച്ചിലും കുളത്തിലും പോകുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഡോ. സുഹൈൽ അഭ്യർഥിച്ചു.

Published

|

Last Updated

ദുബൈ | മറീനയിൽ കടലിൽ ഒഴുക്കിൽപ്പെട്ട യൂറോപ്യൻ യുവതിയെ പോലീസ് രക്ഷിച്ചു. സംഭവമറിഞ്ഞ്  അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ദുബൈ പോലീസുകാർ സ്ഥലത്തെത്തി സാഹസികമായി യുവതിയെ രക്ഷിക്കുകയായിരുന്നു. മറീനയിൽ കടൽത്തീരത്താണ് അപകടമുണ്ടായത്.
മറൈൻ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ രണ്ട് ഓഫീസർമാരായ അംജദ് മുഹമ്മദ് അൽ ബലൂശി, ഖമീസ് മുഹമ്മദ് അൽ ഐസായ് എന്നിവരാണ് രക്ഷിച്ചത്. അവരുടെ വീരോചിത ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർ പ്രശംസാപത്രം നൽകി.യുവതിയെ രക്ഷപ്പെടുത്തുകയും ആംബുലൻസ് എത്തുന്നതുവരെ അടിയന്തര ശുശ്രൂഷ നൽകുകയും ചെയ്തുവെന്ന് തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേ. ഡോ. ഹസൻ സുഹൈൽ പറഞ്ഞു.
മറീന ബീച്ചിൽ വെള്ളത്തിൽ നീന്തുന്നതിനിടെ ഒരു യൂറോപ്യൻ വനിത മുങ്ങിമരിക്കുന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ്ഓഫ് ഓപറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവത്തിന് തുടക്കം.
ബീച്ചിലും കുളത്തിലും പോകുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഡോ. സുഹൈൽ അഭ്യർഥിച്ചു. നീന്താൻ അറിയുന്നില്ലെങ്കിൽ ആഴത്തിലുള്ള വെള്ളത്തിൽ നീന്തരുത്, കുട്ടികളെ വെള്ളത്തിൽ വിടാതിരിക്കുക, ലൈഫ് ഗാർഡുള്ള നിയുക്ത സ്ഥലങ്ങളിൽ മാത്രം നീന്തുക. ബീച്ചിൽ പോകുന്നവർ ഉചിതമായ നീന്തൽ വസ്ത്രങ്ങൾ ധരിക്കണം. മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്റെ സ്വാധീനത്തിൽ നീന്തുന്നത് ഒഴിവാക്കണം.
ഭക്ഷണം കഴിച്ച ഉടൻ നീന്താതിരിക്കാനും സൂര്യാസ്തമയത്തിന് ശേഷം നിയുക്ത രാത്രി-നീന്തൽ സ്ഥലങ്ങളിൽ മാത്രം നീന്താനും ആവശ്യപ്പെടുന്നു.ആദരിക്കൽ ചടങ്ങിൽ തുറമുഖ പോലീസ് സ്റ്റേഷന്റെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അൽ നഖ്ബി, മറൈൻ സെക്യൂരിറ്റി വിഭാഗം മേധാവി മേജർ അലി ഹമീദ് ബിൻ ഹർബ് അൽ ശംസി,  ജനറൽ ഷിഫ്റ്റ് വിഭാഗം മേധാവി മേജർ സഈദ് ഖലീഫ അൽ മസ്‌റൂഇ പങ്കെടുത്തു.