Kerala
ലഹരിക്കെതിരെ യോദ്ധാവാകാം; സമയം അതിക്രമിച്ചെന്ന് പോലീസ്
ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ 9995966666 എന്ന വാട്‌സാപ്പ് നമ്പറില്‍ വിവരമറിയിക്കണം

കോഴിക്കോട് | ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ എന്ന ക്യാമ്പയിനുമായി കേരള പോലീസ്. യുവാക്കള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖല തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ലഹരിക്കെതിരെ ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചതായി കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടര്‍ന്ന് പന്തലിച്ച് സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും കൂട്ടുകാരുമായി ഒത്തുകൂടുമ്പോള്‍ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹിറോയിസമാണെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നവരും യുവതലമുറയിലുണ്ട്. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‌സ് ആപിലൂടെ 99 95 96 66 66 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.