Kerala
പി വി അന്‍വറിന് തോക്ക് വേണ്ടെന്ന് പോലീസ്; ലൈസന്‍സ് അപേക്ഷ തള്ളി കലക്ടര്‍
നിരവധി കേസുകളുള്ള അന്‍വറിന് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കരുതെന്ന് പോലീസ് കലക്ടറെ അറിയിച്ചിരുന്നു.
മലപ്പുറം | ജീവന് ഭീഷണിയുള്ളതിനാല്‍ തോക്ക് ലൈസന്‍സ് അനുവദിക്കണമെന്ന നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വറിന്റെ അപേക്ഷ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് തള്ളി. വിഷയത്തില്‍ പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും വനം വകുപ്പിന്റെയും റിപോര്‍ട്ട് കലക്ടര്‍ തേടിയിരുന്നു. റവന്യൂ വകുപ്പും വനം വകുപ്പും തോക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന റിപോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ പോലീസ് എതിര്‍ത്തു.
നിരവധി തവണ കലാപ ആഹ്വാനങ്ങള്‍ നടത്തിയ ആളാണ് അന്‍വര്‍. പോലീസിന്റെ വയര്‍ലെസ് സംവിധാനങ്ങള്‍ അടക്കം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അന്‍വറിനെതിരെയുള്ള കേസുകളടക്കം ഉള്‍പ്പെടുത്തിയുള്ള റിപോര്‍ട്ടാണ് പോലീസ് കലക്ടര്‍ക്ക് നല്‍കിയത്. ഇത്തരമൊരു വ്യക്തിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്നും പോലീസ് കലക്ടറെ അറിയിച്ചു. തുടര്‍ന്നാണ് ലൈസന്‍സിനുള്ള അപേക്ഷ തള്ളി ഉത്തരവായത്.
അപേക്ഷയിന്മേലുള്ള അന്തിമവാദത്തിനായി ഇന്നലെ പി വി അന്‍വര്‍ കലക്ടറേറ്റില്‍ എത്തിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തീരുമാനം. ഒരു നിലക്കും തനിക്ക് തോക്ക് ലൈസന്‍സ് കിട്ടരുതെന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ആവശ്യമെന്നും കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ശേഷമാണ് അന്‍വര്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് തേടി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. വെളിപ്പെടുത്തലുകള്‍ക്കു ശേഷം പോലീസില്‍ നിന്നും ഭീഷണിയുണ്ടെന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. നാല് മാസം മുമ്പായിരുന്നു ജില്ലാ കലക്ടര്‍ക്ക് അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നത്.