Kerala
പോട്ട ബേങ്ക് കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്; ഷൂവിനടിയിലെ നിറം നിര്‍ണായകമായി
ആഡംബര ജീവിതം നയിച്ചാണ് റിജോ കടം വരുത്തിവെച്ചത്.

തൃശൂര്‍ | ചാലക്കുടി പോട്ട ഫെഡറല്‍ ബേങ്കില്‍ പ്രതി റിജോ ആന്റണി നടത്തിയ കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെയെന്ന് തൃശൂര്‍ റൂറല്‍ എസ്പി. കവര്‍ച്ചക്ക് ദിവസങ്ങള്‍ മുന്‍പേ പ്രതി ബേങ്കിലെത്തി നിരീക്ഷണം നടത്തിയെന്നും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും റൂറല്‍ എസ്പി പറഞ്ഞു.
ബേങ്ക് കൊള്ളക്ക് ശേഷം പ്രതി പല തവണ തവണ വസ്ത്രം മാറിയത് ആശയക്കുഴപ്പമുണ്ടാക്കി. മോഷണത്തിനെത്തിയപ്പോള്‍ സ്‌കൂട്ടറിന് റിയര്‍ വ്യൂ മിറര്‍ ഇല്ലായിരുന്നു. മോഷണത്തിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാന്‍ കടന്നു കളയുന്നതിനിടെ റിയര്‍വ്യൂ മിറര്‍ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നുവെന്നും എസ്പി പറഞ്ഞു. പ്രതി നേരത്തെ ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം സാമ്പത്തിക ബാധ്യതയുണ്ടായി.
ഷൂവിനടിയിലെ നിറമാണ് നിര്‍ണായകമായതെന്ന് തൃശൂര്‍ റൂറല്‍ എസ്പി പറഞ്ഞു. പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുറച്ച് പണം ചെലവാക്കിയെന്നും പ്രതി സമ്മതിച്ചു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.
മോഷ്ടിച്ച പണത്തില്‍ മൂന്ന് കെട്ടില്‍ രണ്ട് കെട്ടും ഒരു കെട്ടിലെ കുറച്ചു പൈസയും അലമാരയില്‍ ഉണ്ടായിരുന്നു. ബാക്കിയുള്ള പണം കാടു കുറ്റിയിലുള്ള പലിശക്കാരന് കടംവാങ്ങിയ തുക തിരിച്ച് കൊടുത്തുവെന്നാണ് പ്രതിയുടെ മൊഴി. പ്രതി റിജോയ്ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ഇളയ പെണ്‍കുട്ടി നാലാം ക്ലാസ്സിലും. മൂത്ത ആണ്‍കുട്ടി പ്ലസ് വണ്ണിലും പഠിക്കുന്നു. 2020 മുതല്‍ പ്രതി നാട്ടില്‍ ഉണ്ട്. നാട്ടില്‍ മറ്റ് ജോലി ഒന്നും ചെയ്തിരുന്നില്ല. മേലൂര്‍ ആയിരുന്നു താമസം രണ്ടുവര്‍ഷമായി പോട്ട ആശാരി പാറയില്‍ വീട് പണിത് താമസിക്കുകയായിരുന്നു റിജോ.
ആഡംബര ജീവിതം നയിച്ചാണ് റിജോ കടം വരുത്തിവെച്ചത്. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഭാര്യ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ച് നല്‍കിയിരുന്നത്. ഈ പണമാണ് ആഡംബരത്തിനായി ഉപയോഗിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകളിലെത്തി മദ്യപിച്ചും, സുഹൃത്തുക്കള്‍ക്ക് പ്രത്യേക പാര്‍ട്ടി നല്‍കിയുമാണ് പണം ചെലവഴിച്ചത്. അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.