Connect with us

Kerala

തല്ലുകേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ

തൃശൂര്‍ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്

Published

|

Last Updated

തൃശൂര്‍ | തല്ലുകേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് സംഘം വീട്ടില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ. മയക്കു മരുന്ന് ഉപയോഗിക്കുന്ന സംഘമാണ് തൃശൂരില്‍ പിടിയിലായത്.

തൃശൂര്‍ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. തൃശൂര്‍ പുതുക്കാട് യുവതിയെ തടവില്‍ പാര്‍പ്പിച്ച് ആക്രമിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം പിടിയിലായത്. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാര്‍, കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം പുറത്തുവന്നത്. യുവതിയെ മൂന്നുദിവസത്തോളം തടവില്‍ പാര്‍പ്പിച്ച് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവന്‍ മാലയും ഒന്നരപ്പവന്റെ വളയും പ്രതികള്‍ കവര്‍ന്നു.

യുവതിയും ആണ്‍ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെന്ററിലെ കണക്ക് നോക്കാന്‍ എത്താത്തതിലെ വൈരാഗ്യത്തിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന പ്രതികള്‍ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച ്‌നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവരുന്നത്.