Connect with us

Kerala

അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; പിക്കറ്റ് പോസ്റ്റ് ഒരുക്കും

തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി അന്‍വര്‍ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

മലപ്പുറം | ഇടത് മുന്നണിയുമായുള്ള ബന്ധം വിട്ടതായി പ്രഖ്യാപിച്ച പി വി അന്‍വര്‍ എം എല്‍ എയുടെ വീടിന് പോലീസ് സുരക്ഷ. മലപ്പുറം ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി അന്‍വര്‍ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒതായിയിലുള്ള അന്‍വറിന്റെ വീടിന് സമീപത്ത് പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസര്‍, മൂന്ന് സി പി ഒമാര്‍ എന്നിവരെയാണ് 24 മണിക്കൂര്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.

രണ്ട് സേനാംഗങ്ങള്‍ ഡി എച്ച് ക്യുവില്‍ നിന്നും ഒരു ഓഫീസറും ഒരു സി പി ഒയും നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ എടവണ്ണ പോലീസ് സ്റ്റേഷനില്‍ നിന്നും സുരക്ഷയ്ക്കായി ഉണ്ടായിരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പിക്കറ്റ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലമ്പൂര്‍ സബ് ഡിവിഷന്‍ ഓഫീസര്‍ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. ഇതിനു പുറമെ സ്റ്റേഷന്‍ നൈറ്റ് പട്രോള്‍ ഉദ്യോഗസ്ഥരും സബ്ഡിവിഷന്‍ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.

 

Latest