kerala police
പോലീസ് സ്‌റ്റേഷനുകളില്‍ സേനാംഗങ്ങള്‍ കുറവ്; നിയമനങ്ങള്‍ നടക്കുന്നില്ല
സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് പി എസ് സി വഴി നിയമനം നടന്നിട്ട് രണ്ടര വര്‍ഷത്തിലേറെയായി.
തിരുവനന്തപുരം | സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കുറവ് കാരണം പ്രതിസന്ധി രൂക്ഷമാകുന്നു. കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിലുൾപ്പെടെ സേനാംഗങ്ങളുടെ അപര്യാപ്തത ബാധിക്കുന്നുണ്ട്. വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സേനയെ വിന്യസിക്കേണ്ടി വന്നപ്പോള്‍ ശബരിമലയില്‍ നിയോഗിച്ചവരെ തിരികെ വിളിച്ചാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. മാത്രമല്ല, ശബരിമലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പോലീസിനെ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചതും സേനയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാലായിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. പോലീസ് സ്‌റ്റേഷനുകളില്‍ സേനാംഗങ്ങളുടെ കുറവുണ്ടെന്നും എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ പോലീസിന് പോകാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇത് മുഖ്യമന്ത്രി ഗൗരവപൂര്‍വം പരിഗണിച്ചില്ല. നൂറിലേറെ ഒഴിവുകളേ നിലവിലുള്ളുവെന്നും അത് ഉടന്‍ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, പോലീസ് ജനസംഖ്യ അനുപാതം 1: 641 ആണ്. ഇത് പരിഷ്‌കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് പി എസ് സി വഴി നിയമനം നടന്നിട്ട് രണ്ടര വര്‍ഷത്തിലേറെയായി. ഏഴ് ബറ്റാലിയനിലായി സി പിയുടെ 299 എന്‍ ജെ ഡി ഒഴിവ് ഇതിനകം പി എസ് സിയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം എസ് എ പിയില്‍ 160 ലേറെ ഒഴിവുകളും നിലവിലുണ്ട്. ഇതിന് പുറമെ മറ്റ് ബറ്റാലിയനുകളിലും ധാരാളം ഒഴിവുകളുണ്ട്.
എന്നാല്‍ സേനയില്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്ത സാഹചര്യമുണ്ടാവുകയും നിയമനം നടന്നിട്ട് വര്‍ഷങ്ങളാകുകയും ചെയ്തിട്ടും പുതിയ റാങ്ക് ലിസ്റ്റ് വൈകുകയാണ്. പ്രിലിമിനറി, മെയിന്‍, കായികക്ഷമതാ പരീക്ഷകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒക്‌ടോബര്‍ മാസമാണ് കായിക ക്ഷമതാ പരീക്ഷ നടന്നത്. എന്നാല്‍ ഡിസംബര്‍ മാസം പകുതിയാകുമ്പോഴും റാങ്ക് ലിസ്റ്റ് വന്നിട്ടില്ല. 2019 ഡിസംബര്‍ 31ലെ ഗസറ്റിലാണ് ഈ തസ്തികയുടെ വിജ്ഞാപനം പി എസ സി പ്രസിദ്ധീകരിച്ചത്.
ഇതിനിടെ, നിയമന പരീക്ഷകള്‍ പ്രാഥമിക പരീക്ഷ, മെയിന്‍സ് ഇങ്ങനെ രണ്ട് പരീക്ഷകളായി നടത്താന്‍ തീരുമാനിച്ചതും ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി. മുമ്പ് ഒ എം ആര്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ മാത്രം അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഫിസിക്കല്‍ ടെസ്റ്റ് ഉള്ള വിഭാഗങ്ങളില്‍ പ്രാഥമിക പരീക്ഷയും മെയിന്‍സും ആവശ്യമില്ലെന്നും ഇത് കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുന്നുവെന്നുമാണ് ഉദ്യോഗര്‍ഥികള്‍ പറയുന്നത്.