Connect with us

Editorial

പോലീസ് ആത്മഹത്യകള്‍: ആരാണ് പ്രതിക്കൂട്ടില്‍?

ജനസംഖ്യാ വര്‍ധനവിന് അനുസൃതമായി പോലീസ് അനുപാതത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2016ലെ പഠന റിപോര്‍ട്ട് പ്രകാരം 500 പൗരന്മാര്‍ക്ക് ഒരു പോലീസ് എന്നതാണ് അനുപാതം. പോലീസിലെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങള്‍ക്ക് 53,222 പേര്‍ മാത്രവും.

Published

|

Last Updated

പോലീസുകാര്‍ക്കിടയിലെ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയില്‍ ഇടപെട്ടിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്‌തെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്താണ് കമ്മീഷന്റെ ഇടപെടല്‍. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് 30 ദിസവത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നല്‍കിയിട്ടുണ്ട് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍ പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ്.

കഴിഞ്ഞ വര്‍ഷം സംസ്ഥാന പോലീസ് വകുപ്പ് സ്വയം നടത്തിയ ഒരു പഠനത്തില്‍ അഞ്ച് വര്‍ഷത്തിനിടെ (2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ) 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരുന്നു. 12 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. ഒരു ഇന്‍സ്‌പെക്ടര്‍, 12 എസ് ഐമാര്‍, എട്ട് അസ്സിസ്റ്റന്റ് എസ് ഐമാര്‍ തുടങ്ങി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു ആത്മഹത്യ ചെയ്ത 69 പേരില്‍. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം തുടങ്ങി തെക്കന്‍ ജില്ലകളിലാണ് സേനാംഗങ്ങളുടെ ആത്മഹത്യ കൂടുതലെന്നും പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തില്‍ പറയുന്നത്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സേനാംഗങ്ങളുടെ എണ്ണം 30 ആണെന്നാണ്. ഈ രണ്ട് കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ട്.

അതേസമയം, ആത്മഹത്യാ വര്‍ധന പോലീസില്‍ മാത്രമല്ല, സമൂഹത്തില്‍ മൊത്തം പ്രകടമാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേത് ഉള്‍പ്പെടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ കേരളത്തില്‍ 10,162 പേര്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപോര്‍ട്ട് കാണിക്കുന്നു. 2021ല്‍ 9,549 പേരായിരുന്നു. ദേശീയ ശരാശരിയേക്കാളും വളരെ ഉയര്‍ന്നതാണ് സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക്. ദേശീയ ശരാശരി 12.4 ആണ്. കേരളത്തില്‍ 28.5ഉം.

കുടുംബപ്രശ്‌നങ്ങള്‍, ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ പീഡനം, ജോലി സ്ഥലവും വീടും തമ്മിലുള്ള അകല്‍ച്ച, സഹപ്രവര്‍ത്തകരുടെ സഹകരണക്കുറവ്, അമിത ജോലിഭാരം, മദ്യപാനം തുടങ്ങിയവയാണ് പോലീസിലെ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ എസ് ഐ ബാബുവിന്റെ ആത്മഹത്യ വന്‍ വിവാദമായതാണ്. എസ് ഐയുടെ പീഡനം അസഹ്യമായപ്പോള്‍, ബാബു തന്റെ ഭാര്യയെയും മക്കളെയും കൂട്ടി എസ് ഐക്കു മുമ്പിലെത്തി പൊട്ടിക്കരഞ്ഞു. എന്നിട്ടും മേലുദ്യോഗസ്ഥന്‍ കനിവു കാണിക്കാതിരുന്നപ്പോഴാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് മകന്‍ കിരണ്‍ ബാബു പറയുന്നു. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന എസ് ജെ സജി 2022 മെയില്‍ തൂങ്ങി മരിക്കാനിടയായത് സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്നാണ് ആരോപിക്കപ്പെടുന്നത്. പാലക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ 2019ല്‍ ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തെയും നിസ്സഹകരണത്തെയും തുടര്‍ന്നായിരുന്നു. മേലുദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു വേണം സ്റ്റേഷനിലെ കീഴുദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍. മേലാളന്മാര്‍ക്ക് അനിഷ്ടം തോന്നിയാല്‍ മാനസികമായും ശാരീരികമായും പീഡനമേല്‍ക്കേണ്ടി വരും. ഈ വിധം കടുത്ത മാനസിക പ്രയാസത്തില്‍ കഴിയുന്ന നിരവധി പേരുണ്ട് സേനയില്‍.

പോലീസില്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്തത് മൂലം വരുന്ന അമിത ജോലിയും മാനസിക സമ്മര്‍ദത്തിനിടയാക്കുന്നു. ജനസംഖ്യാ വര്‍ധനവിന് അനുസൃതമായി പോലീസ് അനുപാതത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2016ലെ പഠന റിപോര്‍ട്ട് പ്രകാരം 500 പൗരന്മാര്‍ക്ക് ഒരു പോലീസ് എന്നതാണ് അനുപാതം. പോലീസിലെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങള്‍ക്ക് 53,222 പേര്‍ മാത്രവും. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപോര്‍ട്ട് അനുസരിച്ച് 2022ല്‍ മാത്രം 2,35,858 കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട് കേരളത്തില്‍. കേസിന്റെ വര്‍ധനക്കനുസൃതം സേനയുടെ അംഗബലം വര്‍ധിപ്പിക്കേണ്ടതുണ്ട്. ക്രമസമാധാനം ഉറപ്പ് വരുത്തല്‍, ആക്‌സിഡന്റ് കേസുകള്‍ കൈകാര്യം ചെയ്യല്‍, കേസുകളില്‍ അന്വേഷണം, ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ തയ്യാറാക്കല്‍ മുതല്‍ വാറണ്ട്്‌, സമന്‍സ്, കോടതിയില്‍ ഹാജരാകല്‍ എന്നിങ്ങനെ നീളുന്നു പോലീസിന്റെ ജോലികള്‍. വിശ്രമത്തിന് അനുവദിച്ച സമയത്ത് ജോലി ചെയ്തും ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയം സ്‌റ്റേഷനില്‍ തങ്ങിയുമാണ് പലപ്പോഴും ജോലികള്‍ ചെയ്തു തീര്‍ക്കുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. നിലവില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കുറഞ്ഞത് 7,000 പോലീസുകാരെങ്കിലും അധികമായി വേണ്ടതുണ്ടെന്നാണ് ചീമേനി ചെമ്പ്രകാനം സ്വദേശി എം വി ശില്‍പരാജ് ആഭ്യന്തര വകുപ്പിനു നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ പറയുന്നത്. 18,229 പേരുടെ അധിക അംഗബലം ആവശ്യപ്പെട്ട് 2017ല്‍ അന്നത്തെ ഡി ജി പി സര്‍ക്കാറിന് കത്ത് നില്‍കിയെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. നിരന്തര മുറവിളിയെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ നിയമിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ചില നീക്കങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഓരോ സ്റ്റേഷനിലേക്കും ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാന്‍ ഡി വൈ എസ് പിമാര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിന് മേലുദ്യോഗസ്ഥര്‍ മാസത്തിലൊരിക്കല്‍ കീഴുദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം കാണണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. അതും നടപ്പായില്ല. സങ്കീര്‍ണവും അതീവ പ്രാധാന്യമുള്ളതുമാണ് പലപ്പോഴും പോലീസ് ജോലി. ശ്രദ്ധയോടെ ഇത് നിര്‍വഹിക്കണമെങ്കില്‍ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മോചിതരാകേണ്ടതുണ്ട് സേനാംഗങ്ങള്‍. കൗണ്‍സലിംഗ് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതുണ്ട്.

Latest