Connect with us

Kerala

വണ്ടിപ്പെരിയാര്‍ പീഡനക്കേസില്‍ വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പോലീസ് സുരക്ഷ നല്‍കണം; ഹൈക്കോടതി

ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛനും കുടുംബാംഗങ്ങളും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Published

|

Last Updated

കൊച്ചി| വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വെറുതെ വിട്ട പ്രതി അര്‍ജുന്റെ കുടുംബത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി. വണ്ടിപ്പെരിയാര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛനും കുടുംബാംഗങ്ങളും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു.

എന്നാല്‍, കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി പ്രതിയെ വെറുതെ വിടുകയായിരുന്നു.

 

 

 

 

Latest