Ongoing News
വിവാഹ സംഘത്തിനു നേരെ പോലീസ് അതിക്രമം: കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
ഫെബ്രുവരി നാലിന് അബാന്‍ ജംഗ്ഷനില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വിവാഹ സംഘത്തിനു നേരെയാണ് അതിക്രമമുണ്ടായത്. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
![](https://assets.sirajlive.com/2021/12/police-1.jpg)
പത്തനംതിട്ട | നഗരത്തില്‍ വിവാഹ സംഘത്തിനു നേരെ നടന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഫെബ്രുവരി നാലിന് അബാന്‍ ജംഗ്ഷനില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വിവാഹ സംഘത്തിനു നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയാണ് അന്വേഷണസംഘത്തിന്റെ തലവന്‍. അബാന്‍ ജങ്ഷന് സമീപത്തെ ബാര്‍ ജീവനക്കാരെ അസഭ്യം പറയുകയും ബാറിന് പുറത്ത് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് ഒരു കേസ്. ബാറിന് പുറത്ത് ലാത്തിചാര്‍ജും അതിക്രമവും നടത്തിയതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്.
ആദ്യത്തെ കേസില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെങ്കില്‍ രണ്ടാമത്തേതില്‍ നിലവില്‍ സസ്‌പെന്‍ഷനിലുള്ള എസ് ഐ. ജിനുവും മറ്റു രണ്ട് പോലീസുകാരുമാണ് പ്രതികള്‍. കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഉള്ളടക്കത്തോടു കൂടിയ റിപോര്‍ട്ട് പത്തനംതിട്ട ഡി വൈ എസ് പി. നന്ദകുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഫെബ്രുവരി നാലിന് വിവാഹ സത്കാരം കഴിഞ്ഞ് അടൂരില്‍ നിന്ന് മടങ്ങുന്നതിനിടെ രാത്രി 11 ഓടെ പത്തനംതിട്ടയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിനു നേരെ പോലീസ് അകാരണമായി ലാത്തിവീശുകയായിരുന്നുവെന്നാണ് പരാതി. ഇതില്‍ ചിലര്‍ക്ക് തലയ്ക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞ് രാത്രി അടയ്ക്കാന്‍ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ വന്നുവെന്നാണ് ബാര്‍ ജീവനക്കാരന്‍ പറഞ്ഞത്. തുടര്‍ന്ന് ഈ ചെറുപ്പക്കാര്‍ ബാറിന്റെ ചില്ലുവാതിലിലും മറ്റും ശക്തമായി അടിക്കുകയും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബാര്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചത്. പ്രശ്‌നമുണ്ടാക്കിയ യുവാക്കള്‍ പിന്നീട് ബൈക്കില്‍ കയറി പോയി. ഇവരെ അന്വേഷിച്ചെത്തിയ പോലീസ് സംഘം ജങ്ഷനില്‍ നിന്ന വിവാഹ സംഘത്തിന് നേരെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് പ്രതിരോധത്തിലായി.
പോലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങിയ പോലീസുകാര്‍ റോഡിലൂടെ നടന്നുനീങ്ങുകയായിരുന്ന സ്ത്രീയെയും ഭര്‍ത്താവിനെയും സഹോദരനെയും അടിച്ചോടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. വലിയ പ്രതിഷേധം ഉയര്‍ന്നതടെ പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ എസ് ഐ. ജെ യു ജിനു, പോലീസ് ഉദ്യോഗസ്ഥരായ ജോബിന്‍, അഷ്ഫാക്ക് റഷീദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, സംഭവത്തില്‍ വിവാഹ സംഘത്തെ കുറ്റപ്പെടുത്തിയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. സംഘത്തില്‍ ചിലര്‍ ബാറിലെത്തി ബഹളമുണ്ടാക്കിയെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന്റെ മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം വേദനിപ്പിച്ചെന്ന് മര്‍ദനത്തില്‍ പരുക്കേറ്റ സിത്താരമോള്‍ പ്രതികരിച്ചു. പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെ നിസ്സാരവല്‍ക്കരിക്കുന്ന പ്രവണത വളരെയധികം വേദനിപ്പിക്കുന്നെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ബാറില്‍ സംഘര്‍ഷം സൃഷ്ടിച്ചവരാണെന്ന് വരുത്തി തീര്‍ക്കുന്ന തെറ്റായ റിപോര്‍ട്ട് നല്‍കി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സിത്താരമോള്‍ പറഞ്ഞു.