Connect with us

rear seatbelt

പിൻസീറ്റിലിരിക്കുന്നവർ ബെൽറ്റ് ഇട്ടില്ലെങ്കിൽ പോലീസ് പിടിക്കില്ലായിരിക്കും; പക്ഷേ പറ്റിക്കുന്നത് നിങ്ങളെ തന്നെയാണ്

ഡ്രൈവർക്കും കാറിൽ അയാൾക്കൊപ്പം മുന്നിലിരുന്നയാൾക്കും ദേഹത്ത് ഒരു പോറൽ പോലുമില്ല. സീറ്റ് ബെൽറ്റും എയർ ബാഗുമാണ് അവരെ രക്ഷപെടുത്തിയത്.

Published

|

Last Updated

പിൻസീറ്റിലിരിക്കുന്നവർ ബെൽറ്റ് ഇട്ടില്ലെങ്കിൽ പോലീസ് പിടിക്കില്ല എന്നതാണ് പലരുടേയും ന്യായം. ആ ന്യായത്തിൽ വിശ്വസിച്ചാൽ പോലീസിനെയല്ല പറ്റിക്കുന്നത്; സ്വയമാണെന്ന് പൊതുപ്രവർത്തകനും ആരോഗ്യ വിദഗ്ധനുമായ ഡോ.എസ് എസ് ലാൽ. സുഹൃത്തിന് സംഭവിച്ച അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കാർ അപകടത്തിൽ പെട്ടപ്പോൾ ബെൽറ്റ് ധരിച്ച മുൻസീറ്റിലിരുന്നവർ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ബെൽറ്റിടാത്ത പിൻസീറ്റിലെ യാത്രക്കാരിലൊരാൾ മരിക്കുകയും സുഹൃത്തിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിൻസീറ്റിലുള്ളവരും ബെൽറ്റ് ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ ഇക്കാര്യം പങ്കുവെക്കണമെന്ന് സുഹൃത്ത് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ആൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസിൻ്റെ കേരള ഘടകം പ്രസിഡൻ്റ് ആയ ഡോ.ലാൽ ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:

ചിത്രത്തിൽ കാണുന്ന കാറപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെടാതെ കഷ്ടിച്ച് രക്ഷപെട്ട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനിൽ ബാബുവിന്റെ വീട്ടിൽ ഇന്ന് പോയിരുന്നു. സുനിലിന്റെ താല്പര്യപ്രകാരം കൂടിയാണ് ഇതെഴുതുന്നത്.

ഒന്നര മാസം മുമ്പാണ് ഈ അപകടം നടന്നത്. പുതിയ കാറിലായിരുന്നു അവരുടെ യാത്ര. ഇടയ്ക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു തകർന്നു.
സുനിലിനൊപ്പം പിൻസീറ്റിൽ ഇരുന്ന ഒരാൾ മരിച്ചു. സുനിലിന്റ മുഖത്ത് ഒരുപാട് പൊട്ടലുകൾ ഉണ്ടായി. പൊട്ടിയ എല്ലുകൾ ശസ്ത്രക്രിയ നടത്തി നിരവധി പ്ലേറ്റുകളും സ്ക്രൂകളും ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുകയാണ്. സുനിലിന്റെ മകനും പരിക്കുണ്ടായി. അതിവേഗം ഏറ്റവും നല്ലൊരു ആശുപത്രിയിൽ എത്തിക്കപ്പെട്ടതുകൊണ്ടാണ് സുനിൽ രക്ഷപെട്ടത്. എല്ലാവർക്കും ആ ഭാഗ്യവും ധനശേഷിയും ഉണ്ടാകണമെന്നില്ല.
ഡ്രൈവർക്കും കാറിൽ അയാൾക്കൊപ്പം മുന്നിലിരുന്നയാൾക്കും ദേഹത്ത് ഒരു പോറൽ പോലുമില്ല. സീറ്റ് ബെൽറ്റും എയർ ബാഗുമാണ് അവരെ രക്ഷപെടുത്തിയത്.
കാറിൽ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമോ എന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും സംശയമാണ്. മിക്ക ടാക്സികളിലും പിന്നിലെ സീറ്റിൽ സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നതിന്റെ തെളിവ് പോലും കാണാറില്ല.
പിൻസീറ്റിലിരിക്കുന്നവർ ബെൽറ്റ് ഇട്ടില്ലെങ്കിൽ പൊലീസ് പിടിക്കില്ല എന്നതാണ് പലരുടേയും ന്യായം. ആ ന്യായത്തിൽ വിശ്വസിച്ചാൽ പൊലീസിനെയല്ല പറ്റിക്കുന്നത്. സ്വയമാണ്.
പിൻസീറ്റിലിരിക്കുന്നവർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന ഉപദേശം എഴുതണമെന്ന് സുനിലും ആഗ്രഹം പ്രകടിപ്പിച്ചു.
ഡോ: എസ്.എസ്. ലാൽ

Latest