Kerala
ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; വധശ്രമത്തിന് കേസെടുത്തു
പോലീസുകാരന്റെ അതിക്രമത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു.
ആലപ്പുഴ| ഭക്ഷ്യവിഷബാധ ആരോപിച്ച് മദ്യലഹരിയില്‍ പോലീസുകാരന്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്. കളര്‍കോടിലെ അഹലന്‍ കുഴിമന്തി ഹോട്ടലാണ് പോലീസുകാരന്‍ അടിച്ചു തകര്‍ത്തത്. ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് കേസ്. ഇദ്ദേഹം ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് .
ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് അതിക്രമത്തിന് കാരണമെന്നുമാണ് പോലീസുകാരന്റെ മൊഴി. ചങ്ങനാശ്ശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് വടിവാള്‍ വാങ്ങിയതെന്നും പോലീസുകാരന്‍ മൊഴി നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോലീസുകാരന്റെ അതിക്രമത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രതി ബൈക്കിന് മുന്നില്‍ വടിവാള്‍ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റുകയും ചില്ലുകളടക്കം ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. അരമണിക്കൂറോളം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസുകാര്‍ എത്തിയിട്ടും ജോസഫ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസുകാര്‍ക്ക് കൈമാറുകയിരുന്നു.