National
കുംഭമേളയില്‍ ഭക്തര്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ ചാരം വാരിയിട്ടു; പോലീസുകാരന് സസ്‌പെന്‍ഷന്‍
ഭക്ഷണത്തില്‍ ചാരം കലര്‍ത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ലക്‌നോ| പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയില്‍ ഭക്തര്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ ചാരം വാരിയിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. സോറോണ്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഭക്ഷണത്തില്‍ ചാരം കലര്‍ത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി കുല്‍ദീപ് സിംഗ് ഗുണാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ പകര്‍ത്തിയ ആള്‍ ഇത് എക്‌സില്‍ പോസ്റ്റ് ചെയ്ത് ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയായിരുന്നു. ഈ നാണംകെട്ട പ്രവൃത്തി ചെയ്ത പോലീസുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കാര്യം ശ്രദ്ധയില്‍ പെട്ടെതായും എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസിപി എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി. സംഭവത്തില്‍ വകുപ്പുതല നടപടികള്‍ നടന്നുവരികയാണ്.