niyamasabha session
നയപ്രഖ്യാപനം: ഗവര്‍ണറെ വിമര്‍ശിച്ച് വിവാദം ആളിക്കത്തിക്കേണ്ടെന്ന തീരുമാനത്തില്‍ എല്‍ ഡി എഫ്
വായിക്കാതിരുന്നത് നിലവാരമില്ലാത്തതിനാലെന്നു വി മുരളീധരന്‍
തിരുവനന്തപുരം | നയപ്രഖ്യാപന പ്രസംഗം ഒരുമിനിറ്റില്‍ ഒതുക്കിയതില്‍ ഗവര്‍ണറെ വിമര്‍ശിച്ച് വിവാദം ആളിക്കത്തിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം.
എ കെ ജി സെന്ററില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്. നയപ്രഖ്യാപനത്തിന്റെയും സര്‍ക്കാര്‍ നയത്തിന്റെയും അന്തസ്സത്ത ഗവര്‍ണര്‍ വായിച്ച അവസാന പാരഗ്രാഫില്‍ കൃത്യമായി ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് കൈമാറിയപ്പോള്‍ പോലും ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നില്ല. ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പ്രതിപക്ഷം വിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു നിന്നുകൊടുക്കേണ്ടതില്ലെന്നും തീരുമാനമായി.
തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നടക്കുന്ന നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലും ഈ നയമാകും അംഗങ്ങള്‍ സ്വീകരിക്കുക. നിയമസഭയുടെ ചരിത്രത്തിലെ അസാധാരണ സംഭവത്തെ ഗൗരവത്തിലാണു പ്രതിപക്ഷം കാണുന്നത്. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചിരുന്നു. ഗവര്‍ണര്‍ സഭയെ അപമാനിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പ്രസംഗത്തിന്റെ അവസാനത്തെ ഖണ്ഡിക മാത്രം വായിച്ചാണ് ഗവര്‍ണര്‍ ഭരണഘടനാബാധ്യത നിറവേറ്റി മടങ്ങിയത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു മുഖം കൊടുക്കാനും ഗവര്‍ണര്‍ തയ്യാറായില്ല. ഗവര്‍ണര്‍ മുഴുവന്‍ വായിച്ചില്ലെങ്കിലും നയപ്രഖ്യാപനത്തിലെ വിവരങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകും.
നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവര്‍ണര്‍ അത് വായിക്കാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. സഭ അധഃപതിക്കാന്‍ ഗവര്‍ണര്‍ അനുവദിക്കില്ല. കള്ളപ്രചരണങ്ങള്‍ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയില്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചു. ഗവര്‍ണര്‍ ഉചിതമായ രീതിയില്‍ പ്രതികരിച്ചു. രാജ്ഭവനെ അപമാനിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.
ഗവര്‍ണറെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ഗവര്‍ണറുടേതെന്നും അദ്ദേഹം പറഞ്ഞു.