Uae
ഗസ്സയില്‍ പോളിയോ വാക്‌സിനേഷന്‍; പ്രസിഡന്റ് അഞ്ച് മില്യണ്‍ ഡോളര്‍ അനുവദിച്ചു
പത്ത് വയസ്സിന് താഴെയുള്ള 6,40,000-ത്തിലധികം കുട്ടികള്‍ക്ക് രണ്ട് ഡോസ് പോളിയോ വാക്സിന്‍ നല്‍കും.
അബൂദബി | ഗസ്സയില്‍ പോളിയോ വൈറസ് വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര വാക്‌സിനേഷന്‍ കാമ്പയിനെ പിന്തുണക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അഞ്ച് മില്യണ്‍ ഡോളര്‍ അനുവദിക്കും. ഫലസ്തീന്‍ ജനത, പ്രത്യേകിച്ച് കുട്ടികള്‍ അനുഭവിക്കുന്ന ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള യു എ ഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.
ലോകാരോഗ്യ സംഘടന, യൂണിസെഫ്, ആന്റോഅ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. വൈറസ് പടരുന്നതും രോഗം പടരുന്നതും തടയാന്‍ പത്ത് വയസ്സിന് താഴെയുള്ള 6,40,000-ത്തിലധികം കുട്ടികള്‍ക്ക് രണ്ട് ഡോസ് പോളിയോ വാക്സിന്‍ നല്‍കും.
സെപ്തം: ഒന്നിന് മധ്യ ഗസ്സയില്‍ തുടങ്ങി തെക്കിലേക്കും പിന്നീട് വടക്കന്‍ ഗസ്സയിലേക്കും നീങ്ങും. ഓരോ ഘട്ടവും പ്രദേശ-നിര്‍ദിഷ്ട മാനുഷിക ഇടവേളകളില്‍ മൂന്ന് ദിവസം തുടരും. ഏകദേശം 1.26 ദശലക്ഷം പോളിയോ വാക്സിന്‍ ഗസ്സയില്‍ എത്തിച്ചിട്ടുണ്ട്, നാലുലക്ഷം ഡോസുകള്‍ ഉടന്‍ എത്തും. മൊബൈല്‍ ടീമുകള്‍ ഉള്‍പ്പെടെ 2,100-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കാമ്പയിന് പിന്തുണ നല്‍കും.