സാഹിത്യം
എഴുത്തിലെ രാഷ്ട്രീയ മുദ്രകൾ
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രതിനിധികളിൽ ഒരാളെന്ന് ലോകം വിശേഷിപ്പിക്കുന്ന എഴുത്തുകാരനാണ് മരിയോ വർഗാസ് യോസ. 2010ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊണ്ട് മാർക്വെസിനുശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ സാഹിത്യകാരനായി അദ്ദേഹം. അധികാരത്തിന്റെ വ്യത്യസ്തമായ മാനങ്ങളെ വൈയക്തിക വിഷയങ്ങളുമായി കണ്ണിചേർക്കുന്നവയാണ് യോസയുടെ മിക്കവാറും എല്ലാ രചനകളും. അവക്കൊപ്പം ഇരുപതാം നൂറ്റാണ്ടിൽ ലാറ്റിനമേരിക്കൻ നാടുകളിൽ നടമാടിയ രാഷ്ട്രീയവും സാമൂഹികവുമായ അനിശ്ചിതത്വങ്ങളെ അവ യഥാതഥമായി അവതരിപ്പിക്കുന്നുമുണ്ട്.

“എന്റെ രാഷ്ട്രീയനുഭവങ്ങളിൽനിന്നും ഞാൻ പഠിച്ചത് ആത്യന്തികമായി ഞാനൊരു എഴുത്തുകാരൻ മാത്രമാണ്, രാഷ്ട്രീയക്കാരനല്ല എന്നാണ്. സാഹസികതകൾ നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്ന ഒരുവനായതുകൊണ്ട് രാഷ്ട്രീയക്കാരന്റെ കുപ്പായം ഒന്നണിഞ്ഞുനോക്കി എന്നുമാത്രം. എന്നാൽ എന്റെ ഏറ്റവും നല്ല സാഹസികത രാഷ്ട്രീയമല്ല, സാഹിത്യം തന്നെയാണെന്ന് ഞാൻ മനസിലാക്കുന്നു.’
ഒരഭിമുഖത്തിൽ മരിയോ വർഗാസ് യോസ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. 1990ൽ പെറുവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ അതിന്റെ അനുഭവങ്ങൾ A Fish In the Water: A Memoir എന്ന പുസ്തകത്തിൽ അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. ഒരു പക്ഷേ അന്നദ്ദേഹം വിജയിച്ചിരുന്നെങ്കിൽ ഇന്ന് ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന ഒരെഴുത്തുകാരനെ നമുക്ക് ലഭിക്കുമായിരുന്നോ എന്നു സംശയമാണ്. അരനൂറ്റാണ്ടിലേറെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ ജീവശ്വാസമായിനിന്ന ഈ എഴുത്തുകാരൻ ഇക്കഴിഞ്ഞ പതിമൂന്നിന് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച അക്ഷരപൈതൃകത്തിന്റെ സമ്പന്നത കാലങ്ങൾ കഴിഞ്ഞാലും നശിച്ചുപോകില്ല എന്നത് യാഥാർഥ്യം തന്നെയാണ്.
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രതിനിധികളിൽ ഒരാളെന്ന് ലോകം വിശേഷിപ്പിക്കുന്ന എഴുത്തുകാരനാണ് മരിയോ വർഗാസ് യോസ. 2010ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊണ്ട് മാർക്വെസിനുശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ സാഹിത്യകാരനായി അദ്ദേഹം.
1936 മാർച്ച് 28 ന് തെക്കൻ പെറുവിലെ ഒരു ചെറിയ പട്ടണമായ അരിക്വിപ്പയിൽ ജനിച്ച മരിയോ വർഗാസ് യോസ ചെറുപ്പത്തിലേ മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് മുത്തച്ഛന്റെ സംരക്ഷണയിൽ ബൊളീവിയയിലെ ഒരു പട്ടണത്തിലാണ് വളർന്നത്. 1945 ൽ പെറുവിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു മിലിട്ടറി സ്കൂളിൽ ചേർന്നു. കയ്പ്പേറിയ അനുഭവങ്ങളാണ് അവിടുത്തെ ജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത്. അവ തന്നെ ഒരെഴുത്തുകാരനാക്കുന്നതിൽ വലിയ പങ്കു വഹിച്ചെന്ന് പിൽക്കാലത്ത് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
ലിമയിലെ സർവകലാശാലയിൽ നിയമവിദ്യാർഥിയായി ചേർന്ന യോസ പത്തൊന്പതാമത്തെ വയസ്സിൽ ജൂലിയ ഉർക്വിഡ് ഇലയൻസ് എന്ന പേരുള്ള തന്നെക്കാൾ പതിനാല് വയസ്സ് കൂടുതലുള്ള തന്റെ അമ്മാവന്റെ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ചു. 1982 ൽ പ്രസിദ്ധീകരിച്ച Aunt Julia and the Scriptwriter എന്ന നോവലിന്റെ പ്രമേയം ഈ വിവാഹമാണ്. കുറച്ചു വർഷങ്ങൾക്കു ശേഷം ഈ ബന്ധം പിരിയുകയും പിന്നീട് യോസ തന്റെ കസിനായ പട്രീഷയെ വിവാഹം കഴിക്കുകയും ചെയ്തു. 1959 ൽ പാരീസിലെത്തിയ യോസ 1966 വരെ അവിടെ പ്രവാസത്തിൽ കഴിഞ്ഞു. ഈ കാലത്ത് പത്രപ്രവർത്തകനായും അധ്യാപകനായും അദ്ദേഹം ജോലി നോക്കി. ഈ കാലത്താണ് അദ്ദേഹം നോവലെഴുത്തിലേക്ക് തിരിയുന്നത്. 1963 ൽ സ്‌പെയിനിൽ ആദ്യ നോവൽ The Time of the Hero വെളിച്ചം കണ്ടു. താൻ പഠിച്ച മിലിട്ടറി സ്കൂളിലെ തിക്താനുഭവങ്ങളാണ് ഈ നോവലിലെ പ്രതിപാദ്യം. കുട്ടികളോടുള്ള അധ്യാപകരുടെ ക്രൂരമായ പെരുമാറ്റവും അത്തരം സ്ഥാപനങ്ങളിൽ അക്കാലത്ത് വ്യാപകമായിരുന്ന അഴിമതിയും കെടുകാര്യസ്ഥതയും നരകതുല്യമാക്കിയ ബാല്യകാലജീവിതങ്ങളുടെ വർണരാഹിത്യം വിവരിക്കുന്ന ഈ നോവൽ യോസയെ ലാറ്റിനമേരിക്കയുടെ അക്ഷരലോകത്ത് പ്രശസ്തനാക്കി.
The Green House (1963), Conversation in the Cathedral (1969), The War of the End of the World (1981) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ആദ്യകാല നോവലുകൾ. പിൽക്കാല രചനകളിൽ The Feast of the Goat (2000), The Way to Paradise (2003), The Bad Girl (2006), The Dream of the Celt (2010), The Discreet Hero (2010),The Neighborhood (2016), Harsh Times (2019) എന്നിവ ശ്രദ്ധേയങ്ങളാണ്. നോവലുകൾക്കു പുറമെ നാടകങ്ങളും വിമർശനഗ്രന്ഥങ്ങളും ഉപന്യാസങ്ങളും യോസ എഴുതിയിട്ടുണ്ട്. നൊബേൽ പുരസ്കാരത്തിനു പുറമെ സെർവന്റീസ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ദേശീയ അന്തർദേശീയ പ്രശസ്തിയുള്ള പുരസ്‌കാരങ്ങൾ നേടിയ യോസ `മാർക്വെസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് രചിച്ച ഉജ്ജ്വലമായൊരു പഠനം സാഹിത്യലോകത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു.
(ഏറെക്കാലം സുഹൃത്തുക്കളായിരുന്ന യോസയും മാർക്വെസും ഒരിക്കൽ യാദൃച്ഛികമായി പിണങ്ങിപ്പിരിയുകയുണ്ടായി. മെക്സിക്കോയിലെ ഒരു തിയറ്ററിൽ വെച്ച് മാർക്വെസിനെ കൈയേറ്റം ചെയ്ത യോസ അത് തികച്ചും വ്യക്തിപരമായിരുന്നെന്നാണ് വെളിപ്പെടുത്തിയത്. മാർക്വെസിനെ മികച്ച എഴുത്തുകാരൻ എന്ന നിലയിൽ താൻ ഇഷ്ടപ്പെടുന്നുവെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പെരുമാറ്റം ആർക്കും സ്വീകാര്യമല്ലെന്ന് യോസ അഭിപ്രായപ്പെടുന്നു.)
യോസയുടെ അവസാനത്തെ നോവൽ “I Dedicate My Silence to You’ 2023 ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് എഴുത്തിൽനിന്നും വിരമിക്കുന്നു എന്ന പ്രസ്താവന നടത്തി നിശബ്ദതയുടെ ആഴങ്ങളിലേക്ക് യോസ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു. അധികാരത്തിന്റെ വ്യത്യസ്തമായ മാനങ്ങളെ വൈയക്തിക വിഷയങ്ങളുമായി കണ്ണിചേർക്കുന്നവയാണ് യോസയുടെ മിക്കവാറും എല്ലാ രചനകളും. അവക്കൊപ്പം ഇരുപതാം നൂറ്റാണ്ടിൽ ലാറ്റിനമേരിക്കൻ നാടുകളിൽ നടമാടിയ രാഷ്ട്രീയവും സാമൂഹികവുമായ അനിശ്ചിതത്വങ്ങളെ അവ യഥാതഥമായി അവതരിപ്പിക്കുന്നുമുണ്ട്. ആദ്യകാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന എഴുത്തുകാരൻ പിന്നീട് അതിൽനിന്നും അകലുകയാണുണ്ടായത്. ഈ പ്രത്യയശാസ്ത്ര വ്യതിയാനത്തിന്റെ നാൾവഴികളും യോസ മിക്ക രചനകളിലും വ്യക്തമാക്കുന്നുണ്ട്.
ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ വികാസ പരിണാമങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ മരിയോ വർഗാസ് യോസ ഇരുപതാം നൂറ്റാണ്ടിൽ അവിടെയുണ്ടായ “ബൂം’ എന്നു വിശേഷിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരിക മുന്നേറ്റത്തിന്റെ പതാകവാഹകരിൽ പ്രധാനിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലാറ്റിനമേരിക്കയിൽ മാത്രമല്ല ലോക സാഹിത്യത്തിനു തന്നെ തീരാ നഷ്ടമാണെന്ന കാര്യത്തിൽ സംശയമില്ല.