Connect with us

congress Jaipur rally

കോണ്‍ഗ്രസിന്റെ ജയ്പൂര്‍ റാലി ബാക്കി വെക്കുന്ന രാഷ്ട്രീയ സന്ദേശങ്ങള്‍

വേദിയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രവര്‍ത്തരെ അഭിസംബോധന ചെയ്തില്ല എന്നത് കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുലിന്റെ രണ്ടാം പട്ടാഭിഷേകത്തിന്റെ സൂചനകളാണ് നല്‍കുന്നത്

Published

|

Last Updated

ജയ്പൂര്‍ | കഴിഞ്ഞ ഞായറാഴ്ച വിലക്കയറ്റത്തിനെതരെ പൊതുജന പ്രതിഷേധം കേന്ദ്ര സര്‍ക്കാറിനെ ധരിപ്പിക്കാനെന്ന പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തങ്ങള്‍ക്ക് നിലവില്‍ ഭരണമുള്ള രാജസ്ഥാനില്‍ ബഹുജന റാലി സംഘടിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക എന്നതും വിലക്കയറ്റവും തൊഴിലിലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും മുതലാളിത്തവും പ്രധാന ചര്‍ച്ചയാക്കാനും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു വലിയ റാലിക്ക് പദ്ധതിയിട്ടത്. സമീപ കാലത്തെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളില്‍ നിന്ന് എല്ലാം വ്യത്യസ്തമായി കേന്ദ്ര നേതൃത്വം തന്നെ വിലയ ബഹുജന പ്രക്ഷോഭത്തിന് നിര്‍ദ്ദേശവും നേതൃത്വവും നല്‍കി എന്നതാണ് ഈ റാലിയുടെ പ്രത്യേകത.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ഈ റാലിയില്‍ പങ്കെടുത്തു. കാലങ്ങളായി ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇരു വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള സമവായ മന്ത്രിസഭാ പുനസംഘടനക്ക് ശേഷമാണ് ഒറ്റക്ക് ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ റാലിക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

റാലിയില്‍ സംസാരിച്ച നേതാക്കള്‍ എല്ലാം തന്നെ ബി ജെ പിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ബി ജെ പി രാജ്യത്തെ തകര്‍ച്ചയിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ ചുരുക്കം. എഴുപത് വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി നിര്‍മ്മിച്ചതൊക്കെ ബി ജെ പി ഏഴ് വര്‍ഷം കൊണ്ട് ഇല്ലാതാക്കി എന്നും നേതാക്കള്‍ ആരോപിച്ചു.

ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി തിരിച്ചുവരും എന്ന സൂചന നല്‍കുന്നതായിരുന്നു ഈ മഹാറാലി. പരിപാടിയിലെ പ്രധാന പ്രഭാഷകന്‍ വയനാട് എം പിയായ രാഹുല്‍ ആയിരുന്നു എന്നതിന് പുറമേ, പരിപാടിയുടെ പ്രചരണാര്‍ഥം സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച വലിയ കട്ട് ഔട്ടുകളിലും പോസ്റ്ററുകളിലും എല്ലാം തന്നെ നിറഞ്ഞു നിന്നത് രാഹുലായിരുന്നു. എല്ലാ നേതാക്കളും സംസാരിച്ചു കഴിഞ്ഞ ശേഷമായിരുന്നു രാഹുലിന്റെ പ്രസംഗം. വേദിയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രവര്‍ത്തരെ അഭിസംബോധന ചെയ്തില്ല എന്നത് കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുലിന്റെ രണ്ടാം പട്ടാഭിഷേകത്തിന്റെ സൂചനകളാണ് നല്‍കുന്നത്. ഈ അടക്കം പറച്ചിലുകള്‍ക്ക് ശക്തി പകരുന്ന പ്രസ്താവനയായിരുന്നു ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വികാരം പരിഗണിച്ച് രാഹുല്‍ ഉടന്‍ തന്നെ എ ഐ സി സി പ്രസിഡന്റായി തിരിച്ചെത്തും എന്നായിരുന്നു ഭാഗേലിന്റെ പ്രതികരണം. 2024 ലും മോദിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് രാഹുല്‍ അല്ലാതെ മറ്റൊരാളുണ്ടാവില്ല എന്ന സൂചനയും ഇത് നല്‍കുന്നു.

കഴിഞ്ഞ നവംബര്‍ 20ന് വാര്‍ദ്ധയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ കൂടുതല്‍ താഴേത്തട്ടില്‍ എത്തിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിന്റെ ഹിന്ദു- ഹിന്ദുത്വവാദി താരതമ്യ പ്രസ്താവന എന്നാണ് കരുതപ്പെടുന്നത്. സല്‍മാന്‍ ഖുര്‍ശിദിന്റെ വിവാദമായി പുസ്തകത്തിലെ ഹിന്ദുത്വക്കെതിരെയുള്ള പ്രസ്താവനയില്‍ ഖുര്‍ശിനൊപ്പം രാഹുല്‍ ഉറച്ച് നിന്നതും പാര്‍ട്ടിയുടെ ആശയാടിത്തറിയില്‍ ഉറച്ച് നില്‍ക്കുന്ന എന്ന സൂചന നല്‍കാനായിരുന്നു. നെഹ്‌റുവിന് ശേഷം അന്യാധിപ്പെട്ടുപോയ കോണ്‍ഗ്രസിന്റെ സെക്കുലര്‍- സോഷ്യലിസ്റ്റ് ആശയങ്ങളാണ് തനിക്ക് കീഴിലുള്ള കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമം രാഹുല്‍ പലകാലങ്ങളിലായി നടത്തി വരുന്നുണ്ട്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ബി ജെ പിയെ നേരിട്ടെതിര്‍ക്കുന്നത് തങ്ങളാണ് എന്ന സന്ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കാനുള്ളത് കൂടിയായിരുന്നു ഈ റാലി. അതിനാല്‍, റാലിയുടെ പൂര്‍ണ്ണ വിജയം ഉറപ്പാക്കാന്‍ കഴിയാവുന്നതെല്ലാം കോണ്‍ഗ്രസ് ചെയ്തിരുന്നു. കോണ്‍ഗ്രസ് തന്നെ അവകാശപ്പെടുന്നത് ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തിരുന്നു എന്നാണ് അവകാശവാദം. സംഘടനാ തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയ ഭൂമികളിലും കോണ്‍ഗ്രസ് വന്‍ പരാജയമാണ് എന്ന വിമര്‍ശനത്തിന് മറുപടിയാണ് റാലി.

പാര്‍ട്ടിയില്‍ വിള്ളലുകള്‍ ഉണ്ട് എന്ന വിമര്‍ശനത്തിനും പരിപാടിയുടെ വേദിയും സദസ്സും മറുപടി നല്‍കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ കത്ത് നല്‍കിയ വിമതര്‍ എന്ന് പരിഗണിച്ചുപോരുന്ന ജി23യിലെ നേതാക്കളും റാലിയില്‍ ഉടനീളം പങ്കെടുത്തിരുന്നു. അത്തരത്തില്‍ പാര്‍ട്ടി ഐക്യത്തിന്റെ പ്രകടനം കൂടിയായിരുന്നു കോണ്‍ഗ്രസിന് ജയ്പൂര്‍ റാലി.

Latest